കൊച്ചി: വാടകവീട് കേന്ദ്രീകരിച്ച് കഞ്ചാവ് ശേഖരിച്ച് വിതരണം ചെയ്യുന്ന അന്യസംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ. ഒഡീഷ സ്വദേശികളായ ജഗൻനാഥ് നായിക്ക് (25), സുനിൽ നായിക്ക് (22) എന്നിവരാണ് 4.165 കിലോ കഞ്ചാവുമായി പനങ്ങാട് പൊലീസിന്റെ പിടിയിലായത്.
നെട്ടൂർ പള്ളിക്ക് പടിഞ്ഞാറ് ഭാഗത്ത് വാടകവീട്ടിലാണ് ഇരുവരുടെയും താമസം. ഇവിടെ കഞ്ചാവ് ശേഖരമുണ്ടെന്ന് വിവരം കിട്ടിയതിനെ തുടർന്നായിരുന്നു പൊലീസ് പരിശോധന. മുറിയിൽ മടക്കിവച്ചിരുന്ന പായയ്ക്ക് അടിയിലാണ് പാക്കറ്റുകളിൽ കഞ്ചാവ് ഒളിപ്പിച്ചത്. എസ്.എച്ച്.ഒ വിബിൻദാസിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. പ്രതികളെ റിമാൻഡ് ചെയ്തു.