1
ജിജോമോൻ

തോപ്പുംപടി: ബി.ഒ.ടി പാലത്തിൽ സ്കൂട്ടർ യാത്രക്കാരനായ എളമക്കര സ്വദേശി ജോസ് ഡൊമിനിക്കിനെ ഇടിച്ചുതെറിപ്പിച്ചശേഷം ഇറങ്ങിയോടിയ ഡ്രൈവറെ കൊല്ലത്തുനിന്ന് ഹാർബർ പൊലീസ് അറസ്റ്റുചെയ്തു. പുനലൂർ കരവല്ലൂർ പുത്തൻവീട്ടിൽ ജിജോമോനാണ് (38) പിടിയിലായത്. ഇയാൾക്കെതിരെ നരഹത്യയ്ക്കു കേസെടുത്തു.

ഫോർട്ട്കൊച്ചി - കളമശേരി റൂട്ടിൽ ഓടുന്ന റോഡ്നെറ്റ് എന്ന സ്വകാര്യ ബസാണ് കഴിഞ്ഞ ബുധനാഴ്ച രാത്രി എട്ടേമുക്കാലോടെ അപകടമുണ്ടാക്കിയത്. അമിതവേഗത്തിൽ എത്തിയ ബസ് സ്കൂട്ടർ യാത്രക്കാരനെ ഇടിച്ചുവീഴ്ത്തുകയായിരുന്നു. ഇയാൾ ഓടി രക്ഷപ്പെട്ടതിനാൽ കണ്ടക്ടറാണ് ബസ് പാലത്തിൽനിന്ന് മാറ്റിയിട്ടത്. സ്കൂട്ടർ യാത്രക്കാരനെ അതുവഴി സഞ്ചരിച്ചിരുന്നവർ ഓട്ടോയിൽ കയറ്റി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇടിയുടെ ആഘാതത്തിൽ ബസിന്റെ മുൻഭാഗം തകർന്നിരുന്നു. സ്കൂട്ടറും തകർന്ന നിലയിലാണ്.

ഹാർബർ എസ്.എച്ച്.ഒ കെ. ദിലീഷിന്റെ നേതൃത്വത്തിൽ എസ്.ഐ അനിൽകുമാർ, എ.എസ്.ഐ എസ്. സബീർകുട്ടി, സി.പി.ഒമാരായ സനൽകുമാർ, ദിനോഷ് എന്നിവർ ചേർന്നാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.