കൊച്ചി: സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ചുണ്ടൻ വള്ളങ്ങളുടെ ചാമ്പ്യൻസ് ബോട്ട് ലീഗ് മത്സരത്തിന്റെ പിറവത്ത് നടന്ന അഞ്ചാം സീസണിൽ വീയപുരം വില്ലേജ് ബോട്ട് ക്ലബ് (പ്രൈഡ് ചേസേഴ്‌സ്) തുഴഞ്ഞ വീയപുരം ചുണ്ടൻ ജേതാക്കളായി. കൈനകരിയിലും താഴത്തങ്ങാടിയിലും നടന്ന ലീഗ് മത്സരങ്ങളിലും വീയപുരം തന്നെയാണ് ഒന്നാമതെത്തിയത്.
ഫോട്ടോ ഫിനിഷിൽ 164 മൈക്രോസെക്കൻഡുകൾക്കാണ് മേൽപ്പാടത്തിനെ (3:35:495 മിനിറ്റ്)വീയപുരം മറികടന്നത്. കോട്ടയം താഴത്തങ്ങാടിയിലെ രണ്ടാം മത്സരത്തിലും വെറും 20 മൈക്രോസെക്കൻഡ് ലീഡോടെയാണ് വീയപുരം വിജയിച്ച് കയറിയത്. പുന്നമട ബോട്ട് ക്ലബ് തുഴഞ്ഞ നടുഭാഗം ചുണ്ടൻ (റിപ്പിൾ ബ്രേക്കേഴ്‌സ്) മൂന്നാമതെത്തി (3:36:773 മിനിറ്റ്).
നിരണം ചുണ്ടൻ (നിരണം ബോട്ട് ക്ലബ്-സൂപ്പർ ഓർസ്) നാല്, നടുവിലെ പറമ്പൻ (ഇമ്മാനുവേൽ ബോട്ട് ക്ലബ്-ചുണ്ടൻ വാരിയേഴ്‌സ്) അഞ്ച്, ചെറുതന (തെക്കേക്കര ബോട്ട് ക്ലബ്-ബാക്ക് വാട്ടർ ഷാർക്ക്‌സ്)ആറ്, പായിപ്പാടൻ (കുമരകം ടൗൺ ബോട്ട് ക്ലബ്-ബാക്ക് വാട്ടേഴ്‌സ് വാരിയേഴ്‌സ്) ഏഴ്, കാരിച്ചാൽ (കാരിച്ചാൽ ചുണ്ടൻ ബോട്ട് ക്ലബ്-കെ.സി.ബി.സി-തണ്ടർ ഓർസ്) എട്ട്, ചമ്പക്കുളം (ചങ്ങനാശേരി ബോട്ട് ക്ലബ്-വേവ് ഗ്ലൈഡേഴ്‌സ്) ഒമ്പത് എന്നിങ്ങനെയാണ് പിറവത്തെ ഫൈനൽ നില.
മന്ത്രി കെ. രാജൻ ഓൺലൈനായി മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു. മന്ത്രി പി.എ. മുഹമ്മദ് റിയാസ് സന്ദേശം നൽകി. അനൂപ് ജേക്കബ്ബ് എം.എൽ.എ അധ്യക്ഷത വഹിച്ചു. നടൻ ലാലു അലക്സ്, ജില്ലാ കളക്ടർ ജി. പ്രിയങ്ക തുടങ്ങിയവർ പങ്കെടുത്തു.
ബേപ്പൂർ (ഒക്ടോബർ 12), മറൈൻ ഡ്രൈവ് ( 17), ചെറുവത്തൂർ (19), കോട്ടപ്പുറം (25) എന്നിങ്ങനെയാണ് തുടർന്നുള്ള മത്സരങ്ങൾ.