avdhud
അശോക കുമാർ അൻപൊലി രചിച്ച നോവലായ 'അവധൂതം' മുൻ ചീഫ് സെക്രട്ടറിയും എഴുത്തുകാരനുമായ കെ. ജയകുമാർ ആദ്യപ്രതി വി. ശശിക്ക് നൽകി പ്രകാശനം ചെയ്യുന്നു. സ്വാമി ധർമ്മചൈതന്യ, വി.പി. ജഗതിരാജ്, കെ.എൻ. ബാൽ, ഫാ. അനിൽ ഫിലിപ്പ്, വി.ഡി. രാജൻ, ആർ. ഗോപാലകൃഷ്‌ണൻ തുടങ്ങിയവർ സമീപം

കൊച്ചി: എത്ര കീഴടക്കിയാലും അതിനുമേലെ ഉയർന്നുവരുന്ന ഗിരിശൃംഗമാണ് ശ്രീനാരായണ ഗുരുദേവനും അദ്ദേഹത്തിന്റെ മഹത്കൃതികളുമെന്ന് മുൻ ചീഫ് സെക്രട്ടറിയും എഴുത്തുകാരനും ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഗവൺമെന്റ് ഇൻ കേരള ഡയറക്‌ടറുമായ കെ. ജയകുമാർ പറഞ്ഞു.

ഗുരുദേവന്റെ സന്യസ്‌തജീവിതത്തിലേക്കുള്ള പ്രയാണം അടിസ്ഥാനമാക്കി അശോക കുമാർ അൻപൊലി രചിച്ച നോവലായ 'അവധൂതം" പ്രകാശനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

എഴുത്തുകാരെ എക്കാലത്തും പ്രചോദിപ്പിക്കുന്ന ജീവിതമാണ് ഗുരുദേവന്റേത്. ഗുരുവിന്റെ ഐതിഹാസികജീവിതവും രചനകളും പൂർണമായി മനസിലാക്കുക എളുപ്പമല്ല. അറിയുംതോറും ഗിരിശൃംഗമായി മുന്നിൽ ഉയർന്നുവരും. ഗുരുവിനെ പൂർണമായി മനസിലാക്കാൻ കഴിയില്ല. മമതാബന്ധങ്ങളിൽ നിന്ന് മുക്തി നേടി ആത്മബലിദാനത്തിലൂടെ മഹാഗുരുവായി മാറുന്ന ഗുരുദേവന്റെ ജീവിതത്തെ ഭക്തിയോടെയും അവധാനതയോടെയും വിനയത്തോടെയുമാണ് നോവൽ ആവിഷ്‌കരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഗുരുദേവന്റെ വയൽവാരം തറവാട്ടിലെ അഞ്ചാം തലമുറക്കാരനായ വി. ശശി പുസ്‌തകത്തിന്റെ ആദ്യപ്രതി കെ. ജയകുമാറിൽ നിന്ന് ഏറ്റുവാങ്ങി. ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ അദ്ധ്യക്ഷത വഹിച്ചു. ശ്രീനാരാണയഗുരു ഓപ്പൺ സർവകലാശാല വൈസ് ചാൻസലർ വി.പി. ജഗതിരാജ്, തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗം അജയ് തറയിൽ, മുൻ ഐ.പി.എസ് ഓഫീസർ കെ.എൻ. ബാൽ, ചാവറ കൾച്ചറൽ സെന്റർ ഡയറക്‌ടർ ഫാ. അനിൽ ഫിലിപ്പ്, എസ്.എൻ.ഡി.പി യോഗം ഡയറക്‌ടർ ബോർഡംഗം വി.ഡി. രാജൻ, അന്താരാഷ്ട്ര ശ്രീനാരായണ പഠനകേന്ദ്രം മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ പി.കെ. രാജപ്പൻ, ആർ. ഗോപാലകൃഷ്‌ണൻ, കവയിത്രി സുഗത പ്രമോദ് എന്നിവർ ആശംസ നേർന്നു. അശോക കുമാർ അൻപൊലി സ്വാഗതവും ന്യൂ ലൂമിനസ് ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി പ്രദീപ് കുളങ്ങര നന്ദിയും പറഞ്ഞു.