കൊച്ചി: ജില്ലയിൽ ഒരിടവേളയ്‌ക്ക് ശേഷം എം. പരിവാഹന്റെ പേരിൽ സൈബർ തട്ടിപ്പ്. ഇടപ്പള്ളി അഞ്ചുമന സ്വദേശിയായ 74കാരന് 10.54 ലക്ഷം രൂപ നഷ്ടമായി. പാലാരിവട്ടം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കഴിഞ്ഞ മാസമായിരുന്നു സംഭവം. നിയമം ലംഘിച്ചതിനാൽ പിഴ ഒടുക്കണമെന്നും കൂടുതൽ വിവരങ്ങൾക്ക് ലിങ്കിൽ ക്ലിക്ക് ചെയ്യാനും ആവശ്യപ്പെട്ട് വാട്‌സ്ആപ്പിൽ എം. പരിവാഹന്റേതെന്ന പേരിൽ ഒരു മെസേജ് എത്തിയിരുന്നു. ഇത് തുറന്നതോടെയാണ് പണം നഷ്ടമായത്.

എഫ്.ഡി അക്കൗണ്ട് ക്ലോസ് ചെയ്ത്, ഇതിലുണ്ടായിരുന്ന പണം മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റിയാണ് തട്ടിപ്പുകാർ പണം ഊറ്റിയെടുത്തത്. ഫോണിന് കേടുപാട് പറ്റിയെന്നാണ് പരാതിക്കാരൻ ആദ്യം കരുതിയത്. പിന്നീടാണ് ബാങ്കിൽ നിന്ന് പണം പിൻവലിക്കപ്പെട്ടതായി അറിഞ്ഞത്. തുടർന്ന് പൊലീസിന്റെ ഹെൽപ്പ് ലൈൻ നമ്പറിൽ വിളിച്ച് പരാതിപ്പെട്ടിരുന്നു. കഴിഞ്ഞദിവസം ഇദ്ദേഹത്തിന്റെ പരാതിയിൽ പൊലീസ് കേസെടുക്കുകയായിരുന്നു.

ലിങ്കിൽ ക്ലിക്ക് ചെയ്തതോടെ ഉടമയറിയാതെ ഫോണിന്റെ സ്‌ക്രീൻ ഷെയർ ചെയ്യുന്ന ആൻഡ്രോയ്ഡ് പാക്കേജ് കിറ്റ് ഫയൽ (എ.പി.കെ) ഇൻസ്റ്റാളായെന്നും ഇത് ഉപയോഗിച്ചാണ് പണം പിൻവലിച്ചതെന്നുമാണ് പ്രാഥമിക കണ്ടെത്തൽ. ടെലഗ്രാം ബോട്ട് മുഖേനയാണ് വാഹനങ്ങളുടെയും മറ്റും വിവരങ്ങൾ പ്രതികൾ ശേഖരിക്കുന്നത്.

എം പരിവാഹന്റെ പേരിൽ രാജ്യമാകെ സൈബർ തട്ടിപ്പ് നടത്തുന്ന റാക്കറ്റിലെ മൂന്ന് പേരെ കഴിഞ്ഞ ജൂലായിൽ കൊച്ചി സിറ്റി പൊലീസ് ഉത്തർപ്രദേശിലെ വാരണാസിയിൽ നിന്ന് അറസ്റ്റ് ചെയ്തിരുന്നു. ഉത്തർപ്രദേശ് സ്വദേശികളായ അതുൽകുമാർ സിംഗ് (32), മനീഷ് യാദവ് (24) എന്നിവരാണ് അറസ്റ്റിലായത്. കേരളത്തിൽ നിന്ന് 45 ലക്ഷത്തോളം രൂപയാണ് ഇവർ തട്ടിയെടുത്തത്. 500ലധികം പേർ തട്ടിപ്പിൽ വീണു. രാജ്യത്താകെ 2,700 പേരും. കൊൽക്കത്തയിൽ നിന്നാണ് റാക്കറ്റിന് വാഹന ഉടമകളുടെ വിവരങ്ങൾ ലഭിച്ചത്. ഇതിനെക്കുറിച്ച് പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. മൂവരുടെ അറസ്റ്റിന് ശേഷം എം. പരിവാഹൻ തട്ടിപ്പ് കുറഞ്ഞിരുന്നു.