ആലുവ: പഞ്ചായത്തിലെ മിച്ചഭൂമി കളിസ്ഥലമാക്കി ഭവനരഹിതരെ കബളിപ്പിക്കാനുള്ള നീക്കത്തിനെതിരെ ചൂർണിക്കര ഗ്രാമപഞ്ചായത്തിലെ അറുന്നൂറിൽപരം കുടുംബങ്ങൾ സമരം ആരംഭിക്കും. ഒക്ടോബർ ഒമ്പത് മുതൽ പഞ്ചായത്ത് ഓഫീസിന് മുന്നിൽ നിരാഹാര സമരം തുടങ്ങും. സർവേയിൽ കണ്ടെത്തിയ പുനരധിവാസ ഭൂമി, പുറമ്പോക്ക് ഭൂമി എന്നിവ ഭവന നിർമ്മാണ പദ്ധതിയ്ക്ക് വിട്ടുനൽകണമെന്ന് ലൈഫ് ആക്ഷൻ കമ്മിറ്റി ആവശ്യപ്പെട്ടു. പുനരധിവാസ ഭൂമിയായ അശോക ഗ്രൗണ്ടിനെ കളിസ്ഥലമാക്കി മാറ്റണമെന്ന പഞ്ചായത്ത് നിലപാട് കമ്മിറ്റി തള്ളിക്കളഞ്ഞു. പകരം ഭൂമി വാങ്ങുമെന്ന പഞ്ചായത്തിന്റെ പ്രഖ്യാപനം പാഴ്‌വാക്കാണ്. ഒരു വട്ടം ശ്രമിച്ച് പരാജയപ്പെട്ട ഹഡ്കോ വായ്പാ പദ്ധതി നടപ്പിലാക്കുമെന്നത് തെറ്റിദ്ധാരണ ഉണ്ടാക്കുന്നതാണെന്നും ഭാരവാഹികൾ കുറ്റപ്പെടുത്തി.