board

പെരുമ്പാവൂർ: കേന്ദ്ര പദ്ധതിയായ പ്രധാനമന്ത്രി സടക് യോജന പദ്ധതിയിൽപ്പെടുത്തിയിട്ടുള്ള വല്ലം വഞ്ചി പറമ്പ് റോഡ് നിർമ്മാണം ബോധപൂർവം വൈകിപ്പിച്ച് അട്ടിമറിക്കാൻ നീക്കമെന്ന് പരാതി. നിർമ്മാണോദ്ഘാടനം കഴിഞ്ഞ് 10 മാസമായിട്ടും പത്ത് ശതമാനം പോലും പണി തീർന്നിട്ടില്ല. പദ്ധതിപ്രകാരം ഒക്ടോബർ 30ന് ഉദ്ഘാടനം നടത്തേണ്ട റോഡാണിത്. 10 കലുങ്കുകളാണ് റോഡിൽ വേണ്ടത്. 4.05 മീറ്റർ വീതിയിലാണ് റോഡ് പണിയേണ്ടത്. 17 സെന്റീമീറ്റർ കനത്തിൽ ജി.എസ്.പി നിറച്ച് പൊക്കിയതിനുശേഷമാണ് ടാറിംഗ് നടപടികൾ നടത്തേണ്ടത്. എന്നാൽ ജെ.സി.ബി ഉപയോഗിച്ച് റോഡ് പൂർണമായും ഇളക്കിയിട്ടശേഷം നാമമാത്രമായ ജി.എസ്.പി മാത്രമാണ് വിരിച്ചിട്ടുള്ളത്. പലസ്ഥലങ്ങളിലും അഞ്ചു സെന്റീമീറ്റർ കനത്തിൽ പോലും റോഡ് പൊക്കിയിട്ടില്ല. റോഡ് നിർമ്മാണത്തിൽ പല മാറ്റങ്ങളും വരുത്താനുള്ള നീക്കമുണ്ടെന്നും നാട്ടുകാർ പറയുന്നു.

റോഡ് നിർമ്മാണത്തിന് അശാസ്ത്രീയമായി മാറ്റങ്ങൾ വരുത്തുന്നത് കേന്ദ്ര പദ്ധതിയെ അട്ടിമറിക്കാനുള്ള നീക്കമാണെന്ന് ബി.ജെ.പി പ്രദേശിക നേതാക്കൾ ആരോപിച്ചു.

എസ്റ്റിമേറ്റ് തുക 4.24 കോടി രൂപ

ദൂരം 5.97 കിലോമീറ്റർ

ആയത്തുപടി കല്ലമ്പലം തൊടാപ്പറമ്പ് പിഷാരിക്കൽ കാവുംപുറം പ്രദേശങ്ങൾ ഉൾപ്പെടുന്ന കൂവപ്പടി പഞ്ചായത്തിന്റെ നാലു വാർഡുകളിൽ കൂടിയാണ് ഈ റോഡ് കടന്നുപോകുന്നത്. നിരവധി സ്കൂൾ വാഹനങ്ങളും അതോടൊപ്പം തന്നെ ആശുപത്രിയിലേക്കും ജോലി സ്ഥലങ്ങളിലേക്കുമുള്ള ആയിരക്കണക്കിന് ആളുകൾ സഞ്ചരിക്കുന്ന റോഡാണിത്.

റോഡ് കുത്തിപ്പൊളിച്ച് നാമമാത്രമായ ജി.എസ്.പി നിരത്തിയതോടെ മെറ്റൽ ഇളകി ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവാണ്. വേനൽ കനക്കുന്നതോടെ പൊടിശല്യത്താൽ ഇതുവഴിയുള്ള യാത്ര ദുസ്സഹമാകും.

റോഡിൽ വിരിക്കേണ്ടത് 1,​11,​516 അടി ജി.എസ്.പി. നിലവിൽ നടക്കുന്നത് 2 കലങ്കുകളുടെ നിർമ്മാണം മാത്രം. കലുങ്കുകളോട് അനുബന്ധിച്ചുള്ള കാനകൾക്ക് പകരം റോഡ് ടേപ്പർ ചെയ്യുവാനും നീക്കം. റോഡിൽ ചപ്പാത്തുകൾ സ്ഥാപിച്ചു കലങ്കുകൾ ഒഴിവാക്കാനും പദ്ധതി.



കേന്ദ്ര പദ്ധതികൾ മന:പൂർവം അട്ടിമറിക്കുക എന്ന ഉദ്ദേശ്യമാണ് റോഡ് പണി വൈകിക്കുന്നതിന് പിന്നിൽ. എസ്റ്റിമേറ്റിൽ പറഞ്ഞ പണികൾ കൃത്യമായി ചെയ്ത് റോഡ് പണി പൂർത്തീകരിച്ച് പൊതുജനങ്ങൾക്ക് തുറന്നു കൊടുക്കണം. കൃത്യമായി പണി നടത്തിയില്ലെങ്കിൽ സമരപരിപാടികൾ ആരംഭിക്കും.

ദേവച്ചൻ പടയാട്ടിൽ

ബി.ജെ.പി