മൂവാറ്റുപുഴ: മൂവാറ്റുപുഴയിൽ ലഹരി കേസുകളുടെ എണ്ണം വർദ്ധിച്ചതായി എക്സൈസ് വകുപ്പ്. ഈ വർഷം ഇതുവരെ രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം 131 ആയി. കഴിഞ്ഞ വർഷം 84 കേസുകളാണ് രജിസ്റ്റർ ചെയ്തത്. കഴിഞ്ഞ 3 മാസത്തിനുള്ളിൽ 54 കേസുകൾ രജിസ്റ്റർ ചെയ്തു.
18നും 25നും ഇടയിൽ പ്രായമുള്ള വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള നിരവധി പേർ പിടിയിലായി. പൊതുസ്ഥലങ്ങളിൽ പരിശോധന ശക്തമാക്കിയതോടെ വിദ്യാർത്ഥികൾ ഉൾപ്പെടുന്ന സംഘങ്ങൾ വീടുകൾ വാടകയ്ക്ക് എടുത്ത് ഡ്രഗ് പാർട്ടികൾ നടത്തുകയാണെന്ന് എക്സൈസ് സി.ഐ ജി. കൃഷ്ണകുമാർ, എസ്.ഐ ടി. ശ്രീജിത്ത് എന്നിവർ പറഞ്ഞു. അന്യസംസ്ഥാന തൊഴിലാളി ക്യാമ്പുകളിൽ കൂടുതൽ എത്തുന്നത് ഹെറോയിൻ പോലുള്ള ലഹരി വസ്തുക്കളാണെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.