movie
പെരുമ്പാവൂർ എ.എസ്.പി ഹാർദ്ദിക്'മീണ ലഹരിവിരുദ്ധ സിനിമാ പ്രദർശനംഉദ്ഘാടനം ചെയ്യുന്നു

പെരുമ്പാവൂർ: ലഹരി വിമുക്തിയെന്ന ലക്ഷ്യവുമായി അന്യസംസ്ഥാന തൊഴിലാളികൾക്ക് സിനിമാപ്രദർശനമൊരുക്കി റൂറൽ ജില്ലാ പോലീസ്. പെരുമ്പാവൂർ ഇ.വി.എം തീയേറ്ററിലാണ് പാവോ എന്ന ബംഗാളി ചിത്രം പ്രദർശിപ്പിച്ച് ലഹരിവിരുദ്ധ ബോധവത്കണത്തിന് പൊലീസ് വേറിട്ട മാർഗം സ്വീകരിച്ചത്. മയക്കുമരുന്നിനെതിരായ സിനിമയാണ് പ്രദർശിപ്പിച്ചത്. രാവിലെ ഒമ്പതരയ്ക്കായിരുന്നു പ്രദർശനം തീരുമാനിച്ചതെങ്കിലും ഒമ്പതു മണിയോടെ തന്നെ ഹൗസ് ഫുള്ളായി. പെരുമ്പാവൂരും പരിസരങ്ങളിലുമുള്ളവർ കൂട്ടത്തോടെ സിനിമ കാണാനെത്തി. പോലീസുദ്യോഗസ്ഥരും തൊഴിൽ ദാതാക്കളും സാമൂഹ്യ പ്രവർത്തകരും തൊഴിലാളികൾക്ക് ഒപ്പമിരുന്ന് സിനിമ കണ്ടു.

പെരുമ്പാവൂർ എ.എസ്.പി ഹാർദ്ദിക്ക് മീണ പ്രദർശനം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഇൻസ്പെക്ടർ ടി.എം. സൂഫി, ബൈശാലി ഗോസ്വാമി , എം.എച്ച്. റിയാസ് തുടങ്ങിയവർ സംസാരിച്ചു. സിനിമയിലൂടെ ലഹരിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് കൂടുതൽ അറിയാൻ കഴിഞ്ഞുവെന്ന് അന്യസംസ്ഥാന തൊഴിലാളികൾ പറഞ്ഞു. ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്താണ് തൊഴിലാളികൾ പിരിഞ്ഞത്.

ലഹരിക്കെതിരെ ജില്ലാ പോലീസ് മേധാവി എം ഹേമലതയുടെ നേതൃത്വത്തിൽ നടക്കുന്ന ഓപ്പറേഷൻ പുനർജ്ജനിയുടെ ഭാഗമായാണ് സിനിമാപ്രദർശനം നടത്തിയത്‌. തൊഴിലാളികൾക്കിടയിൽ മയക്കുമരുന്നിന്റെ ഉപയോഗം തടയുക, ആസക്തി ബാധിച്ചവർക്ക് വൈദ്യശാസ്ത്ര, മാനസിക, സാമൂഹിക പിന്തുണ നൽകുക, ബോധവത്കരണം നൽകുക, ബദൽ ജീവിത ശൈലികൾ പ്രോത്സാഹിപ്പിക്കുക, സുരക്ഷിതമായ ജീവിതാന്തരീക്ഷം സൃഷ്ടിക്കുക, കായിക വിനോദത്തിന് അവസരങ്ങളൊരുക്കുക തുടങ്ങിയവയാണ് ഓപ്പറേഷൻ പുനർജ്ജനിയിലൂടെ പ്രധാനമായി ലക്ഷ്യമിടുന്നത്.