അങ്കമാലി: അങ്കമാലി ഫിസാറ്റ് എൻജിനിയറിംഗ് കോളേജിൽ സിനി ഹാക്കത്തോണിന് തുടക്കമായി. 48 മണിക്കൂർ നീണ്ടുനിൽക്കുന്ന ഹാക്കത്തോൺ മത്സരത്തിന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നാലുപേർ വീതം അടങ്ങുന്ന അൻപതിലേറെ ടീമുകളാണ് മാറ്റുരയ്ക്കുന്നത്. ഫിസാറ്റിലെ പൂർവ വിദ്യാർത്ഥികളും, ഇൻസ്റ്റിറ്റ്യൂഷൻ ഇന്നോവേഷൻ കൗൺസിലും ഐ.ഇ.ഡി.സി സെല്ലും പോളി ജൂനിയർ പിക്ചേഴ്സും സംയുക്തമായിട്ടാണ് പരിപാടി സംഘടിപ്പിക്കുന്നത്. രണ്ടര ലക്ഷത്തോളം രൂപ വിജയികൾക്ക് സമ്മാനമായി നൽകും. നടനും ഫിസാറ്റിലെ പൂർവവിദ്യാർത്ഥിയുമായ നിവിൻ പോളി ഇന്ന് നടക്കുന്ന ഗ്രാൻഡ് ഫിനാലെയിൽ മുഖ്യാതിഥിയാകും. ഫിസാറ്റ് ചെയർമാൻ പി.ആർ. ഷിമിത്ത് അദ്ധ്യക്ഷത വഹിക്കും.