നെടുമ്പാശേരി: പാറക്കടവ് പഞ്ചായത്തിലെ പൂവത്തുശേരിയിൽ സംരക്ഷണ ഭിത്തികൾ ഇടിഞ്ഞ ജലസേചന കനാൽ നവീകരിക്കാൻ രണ്ട് ലക്ഷം രൂപയുടെ പദ്ധതി തയ്യാറാക്കി. ആലുവ തോട്ടിൽ ചിറ ഷട്ടറിന്റെ സമീപമാണ് കനാലിന്റെ ഇരുവശത്തെയും കരിങ്കൽ കെട്ടുകൾ ഇടിഞ്ഞത്.
സി.പി.എം ബ്രാഞ്ച് കമ്മിറ്റിയും കർഷകരും ആവശ്യപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞയാഴ്ച ഇറിഗേഷൻ അസി. എൻജിനിയർ റെജി തോമസ് സ്ഥലം സന്ദർശിച്ചാണ് രണ്ട് ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയത്. എക്സി. എൻജിനിയർ എസ്റ്റിമേറ്റിന് അംഗീകാരം നൽകിയാൽ ഉടൻ ടെൻഡർ നടപടികൾ പൂർത്തിയാക്കി കനാൽ പുനരുദ്ധരിക്കും.
അറ്റകുറ്റപ്പണി വൈകി കനാൽ തകർന്ന് വെള്ളം ഒഴുകുന്നത് തടസപ്പെട്ടാൽ നൂറുകണക്കിന് കർഷകർ ദുരിതത്തിലാകും. ഏക്കർ കണക്കിന് കൃഷി നശിക്കുന്നതിന് പുറമെ വീടുകളിലെ കിണറുകളിലെ ജലലഭ്യതയും കുറയും. ഇത് കുടിവെള്ളത്തെയും പ്രതികൂലമായി ബാധിക്കും.
ചിറ ഷട്ടറിലേക്ക് മാലിന്യം വന്ന് ഓവ് അടയാതിരിക്കാൻ ഇരുമ്പ് വല സ്ഥാപിക്കുന്നതിന് കനാലിന്റെ ഇടുവശത്തും പാറക്കടവ് പഞ്ചായത്ത് ഇരുമ്പ് പോസ്റ്റുകൾ സ്ഥാപിച്ചിരുന്നു. ആ പോസ്റ്റുകൾ കനാലിന്റെ ഇരുവശത്തേയും കരിങ്കൽ കെട്ടുകളിലാണ് ഉറപ്പിച്ചിരുന്നത്. ഈ ഇരുമ്പ് പോസ്റ്റുകളെ ബന്ധിപ്പിച്ചു കനാലിനടിയിൽ സ്ഥാപിച്ച മറ്റൊരു 'സി' ചാനലിൽ മാലിന്യങ്ങൾ വന്ന് തടഞ്ഞ് ഭാരക്കൂടുതൽ രൂപപ്പെട്ടതാണ് കരിങ്കൽ കെട്ടുകൾ ഇടിയാൻ കാരണം.
അടിയന്തര നടപടി
വേണമെന്ന് സി.പി.എം
പാറക്കടവ് പഞ്ചായത്തിലെ പൂവത്തുശേരിയിൽ സംരക്ഷണ ഭിത്തികൾ ഇടിഞ്ഞ ആലുവ കനാൽ പുനരുദ്ധരിക്കാൻ അടിയന്തര നടപടി വേണമെന്ന് സി.പി.എം പൂവത്തുശേരി ബ്രാഞ്ച് ആവശ്യപ്പെട്ടു. മൈനർ ഇറിഗേഷൻ അസി. എക്സിക്യുട്ടീവ് എൻജിനിയർ പ്രവീൺ ലാലുമായി സി.പി.എം പ്രവർത്തകർ നടത്തിയ ചർച്ചയെ തുടർന്നാണ് എ.ഇ സ്ഥലം സന്ദർശിച്ച് എസ്റ്റിമേറ്റ് തയ്യാറാക്കിയത്.
ഉടനെ തന്നെ ജലസേചന കനാലിന്റെ അറ്റകുറ്റപ്പണികൾ ആരംഭിക്കാമെന്ന് അധികൃതർ ഉറപ്പ് നൽകിയിട്ടുണ്ട്. കനാൽ ഉടൻതന്നെ നവീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്
അഭിലാഷ് നളിനം
കർഷകസംഘം