sabu
ട്വന്റി20 പാർട്ടിയുടെ സംസ്ഥാന തിരഞ്ഞെടുപ്പ് കൺവെൻഷൻ കോലഞ്ചേരിയിൽ പാർട്ടി പ്രസിഡന്റ് സാബു എം.ജേക്കബ് ഉദ്ഘാടനം ചെയ്യുന്നു

കോലഞ്ചേരി: 'ഇൻഡി" മുന്നണിക്കെതിരെയാണ് ത്രിതല തിരഞ്ഞെടുപ്പിൽ ട്വന്റി 20 പാർട്ടി മത്സരിക്കുന്നതെന്ന് പാർട്ടി സംസ്ഥാന പ്രസിഡന്റ് സാബു എം. ജേക്കബ്. ഒ​റ്റയ്‌ക്ക് മത്സരിക്കുന്ന പാർട്ടിയെ പരാജയപ്പെടുത്താൻ ഇടത്, വലത് മുന്നണികളിലെ 22 പാർട്ടികളുടെ കൂട്ടായ്മയായ ഇൻഡി രംഗത്തുണ്ടെന്ന് പാർട്ടിയുടെ സംസ്ഥാന ഇലക്ഷൻ കൺവെൻഷൻ കോലഞ്ചേരിയിൽ ഉദ്ഘാടനം ചെയ്യവേ അദ്ദേഹം പറഞ്ഞു.

വിലക്കയ​റ്റം പിടിച്ചു നിർത്തുമെന്ന് പറഞ്ഞ് അധികാരത്തിലെത്തിയ എൽ.ഡി.എഫ് സർക്കാർ സമ്പൂർണ്ണ പരാജയമാണ്. വിലക്കയ​റ്റം പിടിച്ചുനിറുത്തുന്നതിന് പകരം കിഴക്കമ്പലത്തെ ഭക്ഷ്യസുരക്ഷാ മാർക്ക​റ്റ് പൂട്ടിക്കുകയാണ് അവർ ചെയ്തത്. നിലവിൽ ശബരിമലയിലെ സ്വർണ്ണവും കടത്തിക്കൊണ്ടുപോയിരിക്കുന്നു. അയ്യപ്പസ്വാമി തന്നെ സുരക്ഷിതനല്ലാത്ത സാഹചര്യമാണ്. അഴിമതിയില്ലാതെ ഭരിച്ചാൽ ഓരോ പഞ്ചായത്തിലും ഒരു വർഷം രണ്ട് മുതൽ മൂന്ന് കോടി രൂപ വരെ മിച്ചം വരും. കിഴക്കമ്പലത്ത് പത്ത് വർഷവും മ​റ്റ് പഞ്ചായത്തുകളിൽ അഞ്ച് വർഷവും ഭരിച്ചു കഴിഞ്ഞപ്പോൾ 50 കോടി രൂപയുടെ മിച്ചമുണ്ട്.

ത്രിതല തിരഞ്ഞെടുപ്പിൽ 9 ജില്ലകളിലായി 60 പഞ്ചായത്തിലും മൂന്ന് മുനിസിപ്പാലി​റ്റികളിലും കൊച്ചി കോർപ്പറേഷനിലും മത്സരിക്കും. 1600 സ്ഥാനാർത്ഥികൾ മത്സരരംഗത്തുണ്ടാകും. കുന്നത്തുനാട് നിയോജക മണ്ഡലത്തിലെ എട്ടു പഞ്ചായത്തുകളിലെ മുഴുവൻ സീറ്റിലും സ്ഥാനാർത്ഥികളായി.

കൺവെൻഷനിൽ സംസ്ഥാന നേതാക്കളായ പി.വൈ. അബ്രഹാം, വി. ഗോപകുമാർ, ജോർജ് പോൾ, ചാർളി പോൾ, ജിബി എബ്രഹാം, ജിന്റോ ജോർജ് എന്നിവർ സംസാരിച്ചു.


സൗജന്യ ആംബുലൻസ്,

സഞ്ചരിക്കുന്ന ആശുപത്രി

അധികാരത്തിൽ വരുന്ന എല്ലാ പഞ്ചായത്തിലും 24 മണിക്കൂർ പ്രവർത്തിക്കുന്ന സൗജന്യ ആംബുലൻസ് സർവീസും സഞ്ചരിക്കുന്ന ആശുപത്രിയും തുടങ്ങും. പൂട്ടിക്കിടക്കുന്ന കിഴക്കമ്പലത്തെ ഭക്ഷ്യസുരക്ഷാമാർക്ക​റ്റ് ഡിസംബർ 20ന് തുറക്കുമെന്നും ആരോഗ്യ സുരക്ഷ മെഡിക്കൽ സ്‌റ്റോറിന്റെ പ്രവർത്തനം വ്യാപിപ്പിക്കുമെന്നും സാബു പറഞ്ഞു.