തൃപ്പൂണിത്തുറ: നഗരസഭ കോടിക്കണക്കിന് രൂപ ചെലവഴിച്ച് നിർമ്മിച്ച എ.ജി. രാഘവമേനോൻ മാളും ടി.കെ. രാമകൃഷ്ണൻ മാളും ഇനി ഷോപ്പിംഗ് കോംപ്ലക്സുകൾ ആവും. ഉദ്ഘാടനം നടത്തിയശേഷം അഞ്ചുവർഷം ഉപയോഗിക്കാതെ കിടന്നിരുന്ന ഇരുമാളുകളും മൂന്നുവട്ടം ലേലംചെയ്തിട്ടും ആരും എത്തിയില്ല.
മാളുകൾ മുഴുവനായി മാത്രമേ നൽകാൻ കഴിയൂ എന്ന നിബന്ധനയാണ് പുലിവാലായത്. തുടർന്ന് പുനർലേലം ഓഫർ മുഖേന ക്ഷണിച്ചിട്ടും ഒരാൾപോലും പങ്കെടുത്തില്ല. നഗരസഭയ്ക്ക് ലക്ഷക്കണക്കിന് രൂപയുടെ വരുമാനനഷ്ടമാണുണ്ടായത്. വ്യാപകപ്രതിഷേധമുയർന്നതോടെ നിലവിലെ ബൈലാ ഭേദഗതിചെയ്ത് കൊമേഴ്സ്യൽ കെട്ടിടമെന്ന നിലയിൽ ടെൻഡർ ചെയ്യാൻ കൗൺസിൽ തീരുമാനിക്കുകയായിരുന്നു.
നഗരസഭ പിടിച്ചെടുക്കുന്ന അനധികൃത ബോർഡുകളും ബാനറുകളും മറ്റും തള്ളിയിരുന്നത് എ.ജി. രാഘവമേനോൻ മാളിലായിരുന്നു. ടി.കെ. രാമകൃഷ്ണൻ മാൾ ജൈവമാലിന്യ സംസ്കരണ സാധനങ്ങളുടെ ഗോഡൗണായും മാറിയിരുന്നു.
തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ നഗരസഭ ടെൻഡർ നടപടികളിലേക്ക് കടന്നിട്ടുണ്ടെങ്കിലും പരസ്യങ്ങൾ നൽകിയിട്ടില്ല. 49,000 ചതുരശ്ര അടിയിൽ മൂന്നുനിലകളായി 8.4കോടി രൂപ മുതൽമുടക്കി ടി.കെ. രാമകൃഷ്ണന്റെ പേരിൽ മാൾ പണിതെങ്കിലും നോക്കുകുത്തിയായി മാറി.
നഗരസഭയുടെ ആദ്യത്തെ അദ്ധ്യക്ഷനായിരുന്ന എം.ജി. രാഘവമേനോന്റെ പേരിലാണ് പോളേകുളത്തിന് സമീപം 6.8 കോടി രൂപ മുടക്കി 43000 ചതുരശ്രഅടി വിസ്തീർണമുള്ള രണ്ടാമത്തെ മാൾ പണിതത്.
ഈ ആഴ്ചതന്നെ ടെൻഡർ ക്ഷണിക്കും. ഷോപ്പിംഗ് കോംപ്ലക്സുകളായി മാളുകൾ മാറും.
കെ കെ പ്രദീപ്കുമാർ,
വൈസ് ചെയർമാൻ
തൃപ്പൂണിത്തുറ നഗരസഭ
ഷോപ്പിംഗ് കോംപ്ലക്സുകളാക്കാൻ കൗൺസിലിന്റെ അംഗീകാരം തേടിയിരുന്നു. ഇത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള തന്ത്രമാണ്. ഈ ഭരണസമിതിയുടെ കാലത്ത് ലേലംനടക്കാനുള്ള സാദ്ധ്യതയില്ല.
പി.എൽ. ബാബു,
പ്രതിപക്ഷ കൗൺസിലർ
മാളുകളുടെ ചരിത്രം
1 ഉദ്ഘാടനം നടന്നിട്ട് വർഷങ്ങളായി
2 നഗരസഭയ്ക്ക് വാടക ഇനത്തിൽ ലഭിക്കേണ്ട ലക്ഷക്കണക്കിന് രൂപയുടെ വരുമാനനഷ്ടം
3 അധികാരികളുടെ അലംഭാവത്താൽ രണ്ട് വമ്പൻമാളുകളും മാലിന്യംതള്ളൽ കേന്ദ്രങ്ങളായി പരിണമിക്കുകയായിരുന്നു
4 രണ്ട് മാളുകളും മുറികളായി വിഭജിച്ച് 250സ്ക്വയർഫീറ്റുള്ള ഷോപ്പിംഗ് കോംപ്ലക്സാക്കി മാറ്റാൻ വീണ്ടും 36ലക്ഷംരൂപ നഗരസഭ ചെലവാക്കണം
5 ഒരു നിലയിൽ 16 മുറികളാണ് നിലവിൽ ക്രമീകരിക്കാൻ ഉദ്ദേശിക്കുന്നത്
6 മൂന്നാമത്തെ നിലയിൽ തിയേറ്റർ തുടങ്ങുവാനുള്ള ശ്രമങ്ങളും നടക്കുന്നു