a

ഫിസിക്‌സ്, മാത്തമാറ്റിക്‌സ് എന്നിവയിൽ താല്പര്യമുള്ളവർക്ക് ബിരുദ,ബിരുദാനന്തര,ഡോക്ടറൽ തലത്തിൽ അസ്‌ട്രോഫിസിക്‌സിൽ ഉപരിപഠനം നടത്താം.പ്ലസ് ടുവിനുശേഷം നേരിട്ട് അസ്‌ട്രോഫിസിക്‌സിൽ ബിരുദ പ്രോഗ്രാമിന് ചേരാം.ഫിസിക്‌സിൽ ബിരുദ പ്രോഗ്രാം പൂർത്തിയാക്കി അസ്‌ട്രോഫിസിക്‌സിൽ ഉപരിപഠനം നടത്താം.ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് അസ്‌ട്രോഫിസിക്‌സ് ബംഗളൂരു,നാഷണൽ സെന്റർ ഫോർ അസ്‌ട്രോഫിസിക്‌സ് പുനെ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ബംഗളൂരു,ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫണ്ടമെന്റൽ റിസർച്ച് മുംബയ്, ഇന്റർ യൂണിവേഴ്‌സിറ്റി സെന്റർ ഫോർ അസ്‌ട്രോണമി & അസ്‌ട്രോഫിസിക്‌സ് പുനെ എന്നിവ രാജ്യത്തെ മികച്ച സ്ഥാപനങ്ങളിൽ ചിലതാണ്.ഉസ്മാനിയ യൂണിവേഴ്‌സിറ്റി,ആന്ധ്ര യൂണിവേഴ്‌സിറ്റി,പഞ്ചാബ് യൂണിവേഴ്‌സിറ്റി,ഐ.ഐ.ടികളായ കാൺപുർ,മദ്രാസ്,ഖരഗ്പുർ,ഐ.ഐ.എസ്.ടി തിരുവനന്തപുരം എന്നിവിടങ്ങളിൽ ബി.എസ്‌.സി അസ്‌ട്രോഫിസിക്‌സ്,ബി.ടെക് സ്‌പേസ് ടെക്‌നോളജി പ്രോഗ്രാമുകളുണ്ട്.അസ്‌ട്രോഫിസിക്‌സിൽ ബിരുദാനന്തര,ഡോക്ടറൽ പ്രോഗ്രാമുകളുമുണ്ട്. ഫെല്ലോഷിപ്പോടുകൂടി ഗവേഷണം നടത്താവുന്ന ഗവേഷണ സ്ഥാപനങ്ങൾ ഇന്ത്യയിലും വിദേശ രാജ്യങ്ങളിലുമുണ്ട്. എൻജിനിയറിംഗ് ബിരുദത്തിനുശേഷവും അസ്‌ട്രോഫിസിക്‌സിൽ ഉപരിപഠനം നടത്താം.

എം.പി.എച്ച് പ്രവേശനം

ഇന്ത്യൻ കൗൺസിൽ ഒഫ് മെഡിക്കൽ റിസർച്ച് -ICMR തിരുവനന്തപുരത്തുള്ള ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസ് & ടെക്‌നോളജി,നാഷണൽ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് പബ്ലിക് ഹെൽത്ത് ചെന്നൈ എന്നീ ഗവേഷണ സ്ഥാപനങ്ങളിൽ മാസ്റ്റർ ഓഫ് പബ്ലിക് ഹെൽത്ത് -FETP (എപ്പിഡെമിയോളജി & ഹെൽത്ത് സിസ്റ്റംസ്) രണ്ടു വർഷ കോഴ്‌സിന് ഡിസംബർ 31 വരെ അപേക്ഷിക്കാം. www.nie.gov.in.