
കോതമംഗലം: കോതമംഗലം വിദ്യാഭ്യാസ ഉപജില്ലാ കായികമേള ആരംഭിച്ചു. എം.എ.കോളേജ് ഗ്രൗണ്ടാണ് ബാലകൗമാര താരങ്ങളുടെ പോരാട്ടത്തിന് വേദിയാകുന്നത്. ഉപജില്ലയിലെ നൂറോളം സ്‌കൂളുകളിൽ നിന്നുള്ളവരാണ് മാറ്റുരക്കുന്നത്. നാല് ദിവസങ്ങളിലായി മത്സരം പൂർത്തീകരിക്കും. ഉപജില്ലാ കായികമേളയുടെ ഉദ്ഘാടനം കോതമംഗലം മുനിസിപ്പൽ ചെയർമാൻ കെ.കെ.ടോമി നിർവഹിച്ചു. വൈസ് ചെയർപേഴ്‌സൺ സിന്ധു ഗണേശൻ, അഡ്വ.ജോസ് വർഗീസ്, കെ.എ.നൗഷാദ്, ഫാ.പി.ഒ.പൗലോസ്, ബിന്ദു വർഗീസ്, സിസ്റ്റർ റിനി മരിയ തുടങ്ങിയവർ സംസാരിച്ചു.സ്‌കൂൾ ടീമുകളുടെ മാർച്ച് പാസ്റ്റോടെയാണ് മേള ആരംഭിച്ചത്.
സംസ്ഥാനത്തെ ഏറ്റവും മികച്ച ഉപജില്ലാ കായികമേളകളിലൊന്നാണ് കോതമംഗലത്തേത്. സംസ്ഥാനജില്ലാ തലങ്ങളിലെ മുൻനിര സ്‌കൂളുകളായ കോതമംഗലം മാർ ബേസിൽ ഹയർ സെക്കൻഡറി സ്‌കൂളിന്റെയും കീരമ്പാറ സെന്റ് സ്റ്റീഫൻസ് ഹയർ സെക്കൻഡറി സ്‌കൂളിന്റെയും സാന്നിദ്ധ്യമാണ് കായികമേളയെ വേറിട്ടതാക്കുന്നത്.
പത്ത് വർഷം സംസ്ഥാന ചാമ്പ്യൻമാരായിരുന്ന സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്‌കൂളും മാതിരപ്പിള്ളി ഗവൺമെന്റ് വി.എച്ച്.എസ്.എസും പഴയ പ്രതാപത്തോടെയല്ലെങ്കിലും മത്സരത്തിൽ പങ്കെടുക്കാനുണ്ട്. മാർ ബേസിൽസെന്റ് സ്റ്റീഫൻസ് സ്‌കൂളുകൾ ഈ വർഷവും സംസ്ഥാന കായികമേളയിൽ മികച്ച പ്രകടനമാണ് ലക്ഷ്യമിടുന്നത്. അതിനുളള കരുത്ത് സംഭരിക്കാനുള്ള വേദിയാണ് ഉപജില്ലാ കായികമേള. പരമാവധി മെഡലുകൾ നേടി റവന്യു ജില്ലാ കായികമേളയിലും തുടർന്ന് സംസ്ഥാന കായികമേളയിലും മേധാവിത്വം ഉറപ്പിക്കുകയാണ് ലക്ഷ്യം. കായികമേളയുടെ ആദ്യ ദിവസം തന്നെ രണ്ട് സ്‌കൂളുകളും മെഡൽപട്ടികയിൽ ഇടം നേടുകയും ചെയ്തു.
കായികാദ്ധ്യാപകരെ
നിയമിക്കണമെന്ന് ആവശ്യം
ഉപജില്ലാ കായികമേളയിൽ നിസഹകരണത്തോടെയാണ് കായികാദ്ധ്യാപകർ പങ്കെടുക്കുന്നത്. എല്ലാ സ്‌കൂളുകളിലും കായികാദ്ധ്യാപകരെ നിയമിക്കണമെന്നതുൾപ്പടെയുള്ള വിവിധ ആവശ്യങ്ങൾ സംസ്ഥാന സർക്കാരിനോട് ഉന്നയിച്ചാണ് ഇവരുടെ സമരം. എന്നാൽ മേള പൂർണമായി ബഹിഷ്‌കരിക്കാൻ ഇവർ തയ്യാറായിട്ടില്ല. കുട്ടികളുടെ ഭാവി കണക്കിലെടുത്താണ് ബഹിഷ്‌കരണം ഒഴിവാക്കുന്നത്. സമരം കായികമേളയിൽ താളപ്പിഴയുണ്ടാക്കിയിട്ടുണ്ട്. ഇന്നലെ നടക്കേണ്ടിയിരുന്ന ഏതാനും മത്സരങ്ങൾ ഇന്നത്തേക്ക് മാറ്റേണ്ടി വന്നു.
കോതമംഗലം ഉപജില്ലയിൽ ഇരുപത്തിയഞ്ച് ശതമാനം സ്‌കൂളുകളിൽ മാത്രമാണ് കായികാദ്ധ്യാപകർ ഉള്ളത്.
മറ്റ് സ്‌കൂളുകളിൽ നിന്നുളള കുട്ടികൾ വേണ്ടത്ര പരിശീലനം നേടാതെയാണ് മത്സരത്തിൽ പങ്കെടുക്കാനെത്തുന്നത്.
ചടങ്ങിനെന്ന പോലെയാണ് പല സ്‌കൂളുകളും കുട്ടികളെ കായികമേളയിൽ പങ്കെടുപ്പിക്കുന്നത്. ബഹുഭൂരിപക്ഷം കുട്ടികൾക്കും പ്രത്യേക പ്രയോജനമൊന്നും മേള കൊണ്ട് ലഭിക്കാറില്ല.
മുൻവർഷങ്ങളേക്കാൾ ഇത്തവണത്തെ കായികമേളയിൽ കുട്ടികളുടെ പങ്കാളിത്തം കുറഞ്ഞിട്ടുണ്ട്. കായികാദ്ധ്യാപകരുടെ അഭാവമാണ് ഇതിന് കാരണം. ആരോഗ്യമുള്ള പുതിയ തലമുറയെ വാർത്തെടുക്കാൻ കായിക പരിശീലനം അനിവാര്യമാണ്
ഷിബി മാത്യു
കായികാദ്ധ്യാപിക
മാർ ബേസിൽ ഹയർ സെക്കൻഡറി സ്‌കൂൾ