
പറവൂർ: അമ്പത് വർഷങ്ങൾക്ക് ശേഷം ഒന്നാം ക്ളാസിൽ പഠിക്കാൻ പഴയ കൂട്ടുകാർ ഒത്തുകൂടി. വിജയദശമിദിനത്തിൽ തത്തപ്പിള്ളി ഗവ. യു.പി സ്കൂൾ മുറ്റത്ത് ആദ്യക്ഷരം കുറിക്കാനുള്ള കൊതിയിലായിരുന്ന അവരെല്ലാം. ബാല്യം 1974 എന്ന പേരിട്ട കൂട്ടായ്മയിൽ പഴയ സഹപാഠികളായ 45 പേർ പങ്കെടുത്തു. അന്ന് പഠിപ്പിച്ച അഞ്ച് അദ്ധ്യാപകർ വീണ്ടും ഇവരെ പഠിപ്പിക്കാൻ ക്ളാസ് മുറികളിലെത്തി.
രാവിലെ പത്തിന് സ്കൂൾ ആരംഭിക്കുന്നതിനുള്ള മണിയടിച്ചു. സ്കൂൾ മുറ്റത്ത് കൂട്ടംകൂടി നിന്നിരുന്നവരെല്ലാം ഹാളിലെ ബെഞ്ചിൽ കയറിയിരുന്നു. അസംബ്ളിക്ക് ചൊല്ലാറുള്ള അഖിലാണ്ഡമണ്ഡലം അണിയിച്ചൊരുക്കി ഗാനം സഹപാഠി അനില അലി ആലപിച്ചു. പറവൂർ ബാറിലെ അഭിഭാഷകനായ കെ.വി. സുജിത്ത് അദ്ധ്യക്ഷനായി. അന്നത്തെ ഹെഡ്മാസ്റ്റർ സുബ്രഹ്മണ്യൻ മാഷ് ഉദ്ഘാടനം ചെയ്തതോടെ ക്ളാസ് ആരംഭിച്ചു. ഹാജർ എടുത്തപ്പോൾ 45 പേർ എത്തിയിട്ടുണ്ട്. തീയതിയും കുട്ടികളുടെ ഹാജർ നിലയും പഴയ ബ്ളാക്ക് ബോർഡിൽ എഴുതി. സാറിന് കുട്ടികളെ അടിക്കാൻ ചൂരലും വർത്തമാനം പറയുന്നവരെ എറിയാൻ ചോക്കും കൂട്ടായ്മയിലുള്ളവർ കൊണ്ടുവന്നിരുന്നു. എന്നാൽ, സാറിന് ഇത് ആരെയും പ്രയോഗിക്കേണ്ടിവന്നില്ല. എല്ലാവരും അച്ചടക്കത്തോടെയാണ് ക്ളാസിലിരുന്നത്.
ഉച്ചമണി അടച്ചതോടെ വിഭവസമൃദ്ധമായ സദ്യ വിളമ്പി. രണ്ട് മണിക്ക് വീണ്ടും ക്ളാസ് ആരംഭിച്ചപ്പോൾ ഓരോത്തരും പഴയകാല ഓർമ്മകൾ പങ്കുവച്ചു. വിവിധകലാപരിപാടികളും അവതരിപ്പിച്ചു. വൈകിട്ട് 3.30ന് ജനഗണമന പാടി ക്ളാസ് കഴിഞ്ഞെങ്കിലും എല്ലാവരും പിരിഞ്ഞുപോകാൻ മടിച്ചു നിന്നു. ഗാന്ധിജയന്തി ദിനമായതിനാൽ സ്കൂൾ മുറ്റവും പരിസരവും വൃത്തിയാക്കിയ ശേഷം സന്ധ്യമയങ്ങിയതോടെ ഓരോരുത്തരായി സ്കൂൾ വിട്ടുപോയി. കൂട്ടായ്മക്ക് പി.ആർ. വിശ്വാസ്, വി.കെ. ദിലീപ്, പി.കെ. സോജൻ എന്നിവർ നേതൃത്വം നൽകി.