ആലുവ: ആലുവ നഗരസഭയിലെ സൈറൺ പുന:സ്ഥാപിച്ചതിനെതിരെ നൽകിയ അപ്പീൽ ജില്ല ദുരന്ത നിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാകളക്ടർ ജി. പ്രിയങ്ക തള്ളി. നഗരസഭയിൽ നിന്ന് പുറപ്പെടുവിക്കുന്ന സൈറൺ ശബ്ദമലിനീകരണം സൃഷ്ടിക്കുന്നതായി ആരോപിച്ച് കങ്ങരപ്പടി സ്വദേശി നൽകിയ പരാതിയിൻമേൽ ജൂലായ് ഒന്ന് മുതൽ ജില്ലാ കളക്ടർ നിരോധനം ഏർപ്പെടുത്തിയിരുന്നു. ഇതിനെതിരെ നഗരസഭ നൽകിയ അപ്പീൽ പരിഗണിച്ച് സൈറണിന്റെ സമയദൈർഘ്യം കുറച്ച് പ്രവർത്തിപ്പിക്കുന്നതിന് കളക്ടർ അനുമതി നൽകിയിരുന്നു. ഇതിനെതിരെയാണ് പരാതിക്കാരൻ ആഗസ്റ്റ് 10ന് വീണ്ടും കളക്ടറെ സമീപിച്ചത്.

ക്ഷണിക നേരത്തേക്ക് സൈറൺ അളക്കുന്നതിന് എസ്.ഒ.പി ഇല്ലെന്ന് മലിനീകരണ നിയന്ത്രണ ബോർഡ് എൺവയോൺമെന്റൽ എൻജിനീയർ അറിയിച്ച സാഹചര്യത്തിലും നിലവിലെ സൈറൺ വളരെ ചെറിയ ദൈർഘ്യത്തിൽ മാത്രമേ പ്രവർത്തിക്കുന്നുള്ളൂ എന്നതിനാലും പൊതുജനങ്ങൾക്ക് ആരോഗ്യഭീഷണി ഉണ്ടാകുന്നില്ലെന്ന് ബോദ്ധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ പരാതി തള്ളുകയാണെന്നാണ് കളക്ടർ അറിയിച്ചിട്ടുള്ളത്.