powravakasam

ആലുവ: ആലുവ ബാങ്ക് കവല നഗരത്തിന്റെ ഹൃദയഭാഗമാണ്. പുറമെ പെരിയാറിന്റെ തീരപ്രദേശവും. ജില്ലയിലെ പ്രധാന ജലശുദ്ധീകരണശാല പ്രവർത്തിക്കുന്നതും നഗരത്തിലാണ്. എന്നിട്ടും ബാങ്ക് കവല, ബൈപ്പാസ്, ബ്രിഡ്ജ് റോഡ്, കോഡർ ലൈൻ ഭാഗങ്ങളിൽ മാസങ്ങളായി കുടിവെള്ളമില്ല. വീടുകളിലെ പൈപ്പ് തുറന്നാൽ നൂൽ കനത്തിലാണ് വെള്ളം ലഭിക്കുന്നത്.

കുടിക്കാനും കുളിക്കാനും തുടങ്ങി പ്രാഥമികാവശ്യങ്ങൾക്ക് വരെ വെള്ളം ലഭിക്കാതെ നെട്ടോട്ടമോടുകയാണ് നഗരസവാസികൾ. വാട്ടർ അതോറിട്ടിയും പി.ഡബ്ളിയു.ഡിയും പരസ്പരം പഴിചാരി മാസങ്ങൾ കടന്നുപോയി.അൻവർ സാദത്ത് എം.എൽ.എയുടെ ഇടപെടലിൽ വകുപ്പ് തല തർക്കങ്ങൾക്ക് പരിഹാരമായപ്പോൾ ബിൽ കുടിശികയുടെ കരാറുകാരൻ പിൻവാങ്ങിയതാണ് പുതിയ പ്രശ്നം. കാലപ്പഴക്കം ചെന്ന ആസ്ബസ്റ്റോസ് നിർമിത ഭൂഗർഭ പൈപ്പുകൾ മാറ്റിയെങ്കിലേ കുടിവെള്ള പ്രതിസന്ധിക്ക് പരിഹാരമാകൂ.

കരാറുകാരൻ പിൻവാങ്ങി

കുടിശികയുടെ പേരിൽ കരാറുകാരൻ പിൻവാങ്ങിയതാണ് ഇപ്പോഴത്തെ പ്രതിസന്ധി. ബാങ്ക് കവല ടെമ്പിൽ റോഡിൽ നിന്നും ബ്രിഡ്ജ് റോഡിലൂടെ ബൈപ്പാസ് ഭാഗത്തേക്ക് 600 മീറ്റർ ദൂരത്തിൽ ഭൂഗർഭ പൈപ്പുകളാണ് മാറ്റി സ്ഥാപിക്കേണ്ടത്. ബി.എം.ബി.സി ടാറിംഗിന്റെ ഭാഗമായി ബി.എം ചെയ്ത റോഡ് കുത്തിപ്പൊളിക്കാൻ പി.ഡബ്ളിയു.ഡി അനുവദിക്കാതിരുന്നതാണ് ആദ്യത്തെ പ്രതിസന്ധി. മഴക്കാലം കഴിഞ്ഞിട്ടും അനുമതി ലഭിക്കാത്തതിനെ തുടർന്ന് വിഷയത്തിൽ എം.എൽ.എ ഇടപെട്ടപ്പോൾ പരിഹാരമായി. തുടർന്ന് കരാറെടുത്തയാൾ കുടിശിക ലഭിക്കാത്തതിനാൽ പണിയാരംഭിക്കാതെ വലിച്ചുനീട്ടുകയായിരുന്നു.

സമരവുമായി പൗരാവകാശ സമിതി

ബാങ്ക് കവലയിലെ കുടിവെള്ള പ്രതിസന്ധിപരിഹരിക്കാൻ നിരന്തരസമരം നടത്തുന്നത് പൗരാവകാശ സംരക്ഷണ സമിതിയാണ്. ഇന്നലെ വാട്ടർ അതോറിട്ടി എക്സി. എൻജിനിയർ ദീപാപോളിനെ ഉപരോധിച്ചു. പുതിയ കരാറുകാരനെെ കണ്ടെത്തി ഈ ആഴ്ച്ച തന്നെ പ്രശ്നപരിഹാരം ഉണ്ടാക്കാമെന്നാണ് ഉറപ്പ് നൽകിയിട്ടുള്ളത്.

സമിതി പ്രസിഡന്റ് പി.കെ. മുകുന്ദൻ, സെക്രട്ടറി സാബു പരിയാരത്ത്, ജോൺസൻ മുളവരിക്കൽ, ബാബു കുളങ്കര, പി.എച്ച്. ഇബ്രാഹിം, പി.പി. ജേക്കബ്, ഹനീഫ കുട്ടോത്ത്, എം.എം. അമീദ്, മോളി ജേക്കബ്, ജുമൈല സാബു, അമ്മിണി ജോർജ്, ആബിദ അമീദ്, ബേബി ബാബു, ഉമൈബ ഇബ്രാഹിം, സിജോ തറയിൽ, ഷെരീഫ് കുറുപ്പാലി, അബ്ബാസ് തോഷിബാപുരം, ഇബ്രാഹിം പാരിലകത്തൂട്ട്, എ.വി. മുഹമ്മദ് ബഷീർ, കെ.എം. റഫീഖ് എന്നിവർ പങ്കെടുത്തു.