
വൈപ്പിൻ : ഫുട്‌ബാൾ പ്രതിഭയും കോട്ടയം ജി.വി രാജ സ്‌പോർട്‌സ് സ്‌കൂൾ വിദ്യാർത്ഥിയുമായ 14 കാരൻ ആദിത്യനെ വീട്ടിൽ നിന്ന് വിളിച്ചിറക്കി കൊണ്ടു പോയി മർദ്ദിച്ച കേസിൽ പൊലീസ് അനാസ്ഥക്കെതിരെ 14 ന് ഡിവൈ.എസ്.പി ഓഫീസിലേക്ക് മാർച്ച് നടത്താൻ ഞാറക്കൽ എസ്.എൻ. ഓഡിറ്റോറിയത്തിൽ കൂടിയ എസ്.സി,എസ്.ടി സംയുക്തവേദി കൺവെൻഷൻ തീരുമാനിച്ചു.
ഞാറക്കൽ മാരാത്തറ സാജുവിന്റെ മകൻ ആദിത്യനാണ് മാസങ്ങൾക്കു മുൻപ് ആക്രമിക്കപ്പെട്ടത്. മുഴുവൻ പ്രതികളെ അറസ്റ്റ് ചെയ്യാത്തതിലും അറസ്റ്റ് ചെയ്തവരെ ജാമ്യത്തിൽ വിട്ടതും ഞാറക്കൽ പൊലീസിന്റെ അനാസ്ഥ മൂലമാണെന്ന് കൺവെൻഷൻ ചൂണ്ടിക്കാട്ടി. കൺവെൻഷൻ സാമൂഹ്യ പ്രവർത്തക അഡ്വ. പി.കെ. ശാന്തമ്മ ഉദ്ഘാടനം ചെയ്തു. സംയുക്ത വേദി ചെയർമാൻ എം.എ. കുമാരൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി.എം.എസ്. സംസ്ഥാന അസി. സെക്രട്ടറി പ്രശോഭ് ഞാവേലി, കൺവീനർ വി. എസ്. രാധാകൃഷ്ണൻ, ഡോ. പി. കെ. ബേബി, ലൈജു മങ്ങാടൻ, കെ. എസ്. ശ്രീരാജ്,എൻ.ജി. രതീഷ്,എൻ.കെ. പ്രഭാകരൻ തുടങ്ങിയവർ പ്രസംഗിച്ചു.