മട്ടാഞ്ചേരി: പ്രഖ്യാപിച്ച് ഏഴുവർഷം പിന്നിടുമ്പോഴും കൊച്ചി നഗരസഭയുടെ അധീനതയിലുള്ള മരക്കടവ് അറവുശാല നവീകരണ പദ്ധതി എങ്ങുമെത്തിയില്ല. നിലവിലുണ്ടായിരുന്ന അറവുശാല കെട്ടിടം പൊളിച്ച് നീക്കി മതിൽകെട്ടലിൽ പദ്ധതി ഒതുങ്ങി. വേണ്ടത്ര ശുചിത്വ സംവിധാനങ്ങൾ ഇല്ലെന്ന കാരണത്താൽ 2007ൽ മലിനീകരണ നിയന്ത്രണ ബോർഡാണ് അറവുശാല അടച്ചുപൂട്ടിയത്. പശ്ചിമകൊച്ചിയിലെ ഇറച്ചി വ്യാപാരികളും തൊഴിലാളികളും ഉൾപ്പെടെ ആധുനിക അറവുശാലയ്ക്കായി മുറവിളി കൂട്ടിയതിന് പിന്നാലെയാണ് 2018ൽ മരക്കടവിലെ 45 സെന്റ് സ്ഥലത്താണ് മാലിന്യസംസ്ക്കരണമടക്കമുള്ള സംവിധാനത്തോടെയുള്ള അറവുശാല പദ്ധതി തയ്യാറാക്കിയത്. നഗരസഭയുടെ പ്ളാൻഫണ്ടിൽ ഉൾപ്പെടുത്തി അറവുശാല നവീകരിക്കാനുള്ള ഡി.പി.ആർ തയ്യാറാക്കിയെങ്കിലും തുടർനടപടികൾ മന്ദഗതിയിലായി.
കൊച്ചി നഗരസഭയുടെ അംഗീകാരമുള്ള അറവുശാല കലൂരിലാണ് പ്രവർത്തിക്കുന്നത്. ഇവിടെ വെറ്ററിനറി സർജന്റെ പരിശോധനയുണ്ട്. അതേസമയം പശ്ചിമകൊച്ചിയിൽ അനധികൃത അറവുശാലകൾ വ്യാപകമാണ്. ഇവിടെ വില്പന നടക്കുന്നത് നിയമാനുസൃത പരിശോധന ഇല്ലാതെയാണ്. ഇതുമൂലം കോർപ്പറേഷന് വൻ വരുമാനനഷ്ടമാണ്. ജനങ്ങൾക്ക് രോഗഭീതിയില്ലാതെ ഇറച്ചിവാങ്ങാനുള്ള അവസരവും അധികാരികൾ നിഷേധിക്കുകയാണ്.
അന്യ സംസ്ഥാനങ്ങളിൽ നിന്നാണ് കൊച്ചിയിലേയ്ക്ക് കൂടുതലും അറവുമാടുകൾ എത്തുന്നത്. ഇവ ഭക്ഷണയോഗ്യമായതാണന്ന് വെറ്ററിനറി സർജനാണ് സാക്ഷ്യപ്പെടുത്തേണ്ടത്.
പ്രതിവാരം ആയിരത്തിലേറെ മാടുകളുടെ ഇറച്ചി വില്‍പനവരെ നഗരത്തിൽ നടക്കുന്നന്നുണ്ട്. ഉത്സവ വേളകളിലിൽ 1500 മാടുകൾ വരെയായി ഉയരും.
പശ്ചിമകൊച്ചിയിലും സമീപപഞ്ചായത്തുകളിലും അത്യാധുനിക രീതിയിലുള്ള അറവുശാലകൾ വേണമെന്ന ഇറച്ചി കച്ചവടക്കാരുടെയും നാട്ടുകാരുടെയും വർഷങ്ങളായിട്ടുള്ള ആവശ്യം അധികാരികൾ പരിഗണിക്കിന്നില്ല. ഈ ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രിക്കും ബന്ധപ്പെട്ടവർക്കും പരാതി നൽകിയിട്ടുണ്ടെങ്കിലും തുടർ നടപടിയില്ല. ഉത്തരവാദിത്വം നിറവേറ്റാത്ത ഹെൽത്ത് ഓഫീസർമാർക്കെതിരെയും നടപടിയെടുക്കണം.
ഷക്കീർ അലി
പൊതു പ്രവർത്തകൻ