തൃപ്പൂണിത്തുറ: ട്രേഡ് യൂണിയൻ രജിസ്ടേഷൻ മാനദണ്ഡങ്ങൾ കർശനമാക്കിയും രജിസ്ട്രേഷൻ ഫീസ് ആയിരത്തിൽനിന്ന് 10000 രൂപയാക്കി ഉയർത്തിക്കൊണ്ടുള്ള കേരള സർക്കാരിന്റെ തൊഴിലാളി ദ്രോഹനടപടിയിൽ നിന്ന് പിൻമാറണമെന്ന് യു.ടി.യു.സി എറണാകുളം ജില്ലാ പ്രസിഡന്റ് കെ.ടി. വിമലൻ, സെക്രട്ടറി അഡ്വ.ജെ. കൃഷ്ണകുമാർ എന്നിവർ ആവശ്യപ്പെട്ടു.

യൂണിയൻ രജിസ്ടേഷന് അപേക്ഷിക്കുന്ന തൊഴിലാളികൾ ഇനിമുതൽ ആ മേഖലയിൽ പണിയെടുക്കുന്നവർ ആണെന്ന് തെളിയിക്കുന്ന ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ തീരുമാനം അസംഘടിത മേഖലയിൽ പണിയെടുക്കുന്ന തൊഴിലാളികളുടെ സംഘടിക്കുവാനുള്ള അവകാശങ്ങൾക്ക് മേലുള്ള കടന്നുകയറ്റവും നിയന്ത്രണങ്ങളുമായി മാറും. ഇന്ത്യയിൽ മറ്റൊരു സംസ്ഥാനത്തും ഇത്ര ഉയർന്ന ഫീസ്‌നിരക്കും നിയന്ത്രണങ്ങളും ഇല്ല. സർക്കാർ തീരുമാനം അനുചിതമാണെന്ന് നേതാക്കൾ പറഞ്ഞു.