ഫോർട്ടുകൊച്ചി: റോ റോ ജെട്ടി ഇരുട്ടിലായിട്ട് മൂന്നാഴ്ച പിന്നിടുന്നു. സന്ധ്യ മയങ്ങിയാൽപിന്നെ റോ റോയുടെ വെളിച്ചവും സമീപത്തെ കടകളിലെ വെളിച്ചവും മാത്രമാണ് ജീവനക്കാർക്കും യാത്രക്കാർക്കും ആശ്വാസം. റോ റോയിലേക്ക് കയറാനും ഇറങ്ങാനും യാത്രക്കാർ ബുദ്ധിമുട്ടുകയാണ്.
നൂറ് കണക്കിന് യാത്രക്കാർക്ക് ഉപകാരമാകേണ്ട ജെട്ടിയിലെ വിളക്കുകളാണ് കണ്ണടച്ചിരിക്കുന്നത്. മൂന്നാഴ്ചയായി ഈ അവസ്ഥ തുടർന്നിട്ടും അധികൃതർ അനങ്ങുന്നേയില്ല. റോ റോ ജീവനക്കാർക്കും വെളിച്ചമില്ലാത്തത് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. ടിക്കറ്റ് കൗണ്ടറും ഇരുട്ടിലാണ്. കഴിഞ്ഞ ദിവസംവരെ വൈപ്പിൻജെട്ടിയും ഇരുട്ടിലായിരുന്നു. കൊച്ചി കോർപ്പറേഷൻ റോ റോജെട്ടിയുടെ നവീകരണത്തിനായി ലക്ഷങ്ങളാണ് മുടക്കുന്നത്. എന്നിട്ടും ജെട്ടിയിൽ വെളിച്ചമെത്തിക്കുന്നതിൽ അധികാരികൾ അനാസ്ഥ തുടരുകയാണ്.
വൈപ്പിനിൽനിന്നും ഫോർട്ടുകൊച്ചിയിൽനിന്നും വിദ്യാർത്ഥികളും യാത്രക്കാരും ഉൾപ്പടെ ദിനംപ്രതി ആയിരങ്ങളാണ് സഞ്ചരിക്കുന്നത്. രണ്ട് റോ റോയിൽ ഒരെണ്ണം പലപ്പോഴും കട്ടപ്പുറത്താണ്. മൂന്നാമത്തെ റോ റോ ഉടൻ എത്തുമെന്ന് അധികാരികൾ പറയുന്നല്ലാതെ യാഥാർത്ഥ്യമാകുന്നില്ല.
റോ റോജെട്ടിയിൽ അടിയന്തിരമായി വെളിച്ചമെത്തിക്കാൻ അധികാരികൾ സത്വരനടപടിൾ സ്വീകരിക്കണമെന്ന് സാമൂഹ്യ പ്രവർത്തകൻ എ. ജലാൽ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ജലശയനം ഉൾപ്പെടെ പ്രക്ഷോഭത്തിന് രൂപം നൽകുമെന്ന് അദ്ദേഹം പറഞ്ഞു.