നെടുമ്പാശേരി: കുന്നുകര എം.ഇ.എസ് എൻജിനീയറിംഗ് കോളജിൽ ത്രിദിന ഇന്റർ കോളേജിയേറ്റ് ടെക്‌നോ കൾച്ചറൽ ഫെസ്റ്റ് 'ധ്രുവ് 2025' ഒമ്പത് മുതൽ 11 വരെ നടക്കുമെന്ന് കോളജ് മാനേജ്‌മെന്റ് സെക്രട്ടറി എച്ച്.എസ്. അബ്ദുൽ ഷരീഫ്, എം.ഇ.എസ് എൻജിനിയറിംഗ് കോളജുകളുടെ സ്ഥിരം സമിതി അദ്ധ്യക്ഷൻ ഡോ. കെ.എ. അബൂബക്കർ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 3000ത്തോളം വിദ്യാർത്ഥികൾ പങ്കെടുക്കും. വിവിധ ടെക്‌നിക്കൽ മത്സരങ്ങൾ, ഐഡിയതോൺ, ഹാക്കത്തൺ, ശില്പശാലകൾ എന്നിവ നടക്കും. ഐ.എസ്.ആർ.ഒ, കാംകോ തുടങ്ങിയ സ്ഥാപനങ്ങളുടെ സ്റ്റാളുകളുണ്ടാകും.
ഒമ്പതിന് രാവിലെ 10ന് എ.പി.ജെ. അബ്ദുൽ കലാം സാങ്കേതിക സർവകലാശാലയുടെ പ്രഥമ വൈസ് ചാൻസലർ ഡോ. കുഞ്ചെറിയ പി. ഐസക് ഉദ്ഘാടനം ചെയ്യും. ഇന്ത്യൻ സൊസൈറ്റി ഫോർ ടെക്‌നിക്കൽ എജ്യുക്കേഷൻ ദേശീയ പ്രസിഡന്റ് ഡോ. പ്രതാപ് സിംഗ് ദേശായി മുഖ്യപ്രഭാഷണം നടത്തും. 10ന് പുതിയ വിദ്യാഭ്യാസ നയത്തെ കുറിച്ചുള്ള പാനൽ ചർച്ച ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്യും. മുൻ എ.ഐ.സി.ടി.ഇ ഡയറക്ടർ ഡോ. രമേശ് ഉണ്ണിക്കൃഷ്ണൻ, ഡോ.കെ.എ. അബൂബക്കർ എന്നിവർ ചർച്ച നയിക്കും. 11ന് ഉച്ചയ്ക്ക് രണ്ടിന് സമാപന സമ്മേളനം മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും.
പ്രവേശനം സൗജന്യമാണ്. ഫെസ്റ്റ് ലോഗോ പ്രകാശനവും വിദ്യാർഥികൾ നിർമ്മിച്ച റോബോട്ടിക്കിന്റെ പ്രവർത്തന ഉദ്ഘാടനവും നടന്നു. എം.ഇ.എസ് ജില്ല പ്രസിഡന്റ് കെ.എം. ലിയാഖത്ത് അലിഖാൻ, സെക്രട്ടറി എം.ഐ. അബ്ദുൽ ഷെരീഫ്, ഡോ. കെ.എം. രമേശ്, ഡോ. ലക്ഷ്മി എ. നായർ, പ്രൊഫ. വി.എ. ഷംസുദ്ദീൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.