കൊച്ചി: പറവൂർ കുഞ്ഞിത്തൈ ഔവർ ലേഡി ഷെപ്പേർഡ് ആംഗ്ലോ ഇന്ത്യൻ എൽ.പി സ്‌കൂളിൽ അറബി അദ്ധ്യാപികയുടെ നിയമനത്തിന് 50,000 രൂപ കോഴ വാങ്ങിയ ഹെഡ്‌മാസ്റ്റർ കുറ്റക്കാരനാണെന്ന മൂവാറ്റുപുഴ വിജിലൻസ് കോടതിയുടെ കണ്ടെത്തൽ ഹൈക്കോടതി ശരിവച്ചു. തൃശൂർ അരിപ്പാലം പുതുശേരി സ്റ്റാൻലി പിഗറസ് കുറ്റക്കാരനാണെന്നാണ് കോടതി വിധിച്ചത്. അതസമയം, വിചാരണക്കോടതി വിധിച്ച രണ്ട് വർഷം തടവുശിക്ഷ ഒരു വർഷം കഠിനതടവും 10,000 രൂപ പിഴയുമായി കുറച്ചു.

സ്റ്റാൻലി പിഗറസും സ്‌കൂൾ മാനേജരും ചേർന്ന് നാല് തവണകളായി 1.50 ലക്ഷം രൂപ കൈക്കൂലി വാങ്ങിയതുവഴി ഔദ്യോഗിക കൃത്യവിലോപം നടത്തി എന്നായിരുന്നു പ്രോസിക്യൂഷൻ കേസ്. രണ്ടാം പ്രതി സ്‌കൂൾ മാനേജർ വിചാരണവേളയിൽ മരിച്ചു.
ഒരു ലക്ഷം രൂപ മാനേജ്‌മെന്റ് അദ്ധ്യാപികയ്‌ക്ക് തിരികെ നൽകിയിരുന്നു. അടിസ്ഥാന സൗകര്യ വികസനത്തിനായാണ് പണം വാങ്ങിയതെന്നായിരുന്നു അപ്പീലിൽ പ്രതി ഉന്നയിച്ച വാദം. ജസ്റ്റിസ് എ. ബദറുദ്ദീനാണ് അപ്പീൽ പരിഗണിച്ചത്. വിജിലൻസിന് വേണ്ടി സ്‌പെഷ്യൽ ഗവ. പ്ലീഡർ എ. രാജേഷ്, സീനിയർ ഗവ. പ്ലീഡർ എസ്. രേഖ എന്നിവർ ഹാജരായി.