kaumudi

ആലുവ: അംഗബലക്കുറവിനെ തുടർന്ന് പ്രയാസം നേരിടുന്ന ആലുവ സ്റ്റേഷനിലേക്ക് ഏഴ് പൊലീസുകാരെ കൂടി അനുവദിച്ചു. കളമശേരി എ.ആർ ക്യാമ്പിൽ നിന്നുള്ളവരെയാണ് ആലുവയിലേക്ക് മാറ്റിയത്. കഴിഞ്ഞ ദിവസം മൂന്ന് പേർ ആലുവ സ്റ്റേഷനിലെത്തി ചുമതലയേറ്റു. നാല് പേർ ഇന്നോ നാളെയോ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

'അംഗബലമില്ല, ആലുവ സ്റ്റേഷനിൽ കേസന്വേഷണം ഇഴയുന്നു' എന്ന തലക്കെട്ടിൽ കഴിഞ്ഞ 27ന് 'കേരളകൗമുദി' വാർത്ത പ്രസിദ്ധീകരിച്ചതിനെ തുടർന്നാണ് ജില്ലാ പൊലീസ് മേധാവി എം. ഹേമലതയുടെ അടിയന്തര നടപടിയുണ്ടായത്. ആലുവ പൊലീസ് സ്റ്റേഷന്റെ അംഗബലം 80 ആണെങ്കിലും അറ്റാച്ച് ചെയ്ത എട്ട് പേർ ഉൾപ്പെടെ ആകെ 59 പേരായിരുന്നു ഉണ്ടായിരുന്നത്. ഇവരിൽ 11 പേരെ എസ്.പി, ഡിവൈ.എസ്.പി, അങ്കമാലി ട്രാഫിക് എന്നിവിടങ്ങളിൽ അറ്റാച്ച് ചെയ്തിരിക്കുകയാണ്. നാല് എസ്.ഐമാർ വേണ്ടിടത്ത് രണ്ട് പേർ മാത്രമാണുള്ളത്. എ.എസ്.ഐമാരുടെ സ്ഥിതിയും ഇതുതന്നെ. ഏഴ് സി.പി.ഒമാരുടെയും രണ്ട് എസ്.സി.പി.ഒമാരുടെയും കസേരകൾ ഒഴിഞ്ഞു കിടക്കുന്നു. ഏക വനിത എസ്.ഐയുടെയും കസേര കാലിയാണ്. 12 വനിത സി.പി.ഒമാർ വേണ്ടിടത്ത് മൂന്ന് പേർ മാത്രമുള്ളതാണ്. രണ്ട് ഡ്രൈവർമാരുടെ ഒഴിവുകളുണ്ടെങ്കിലും അറ്റാച്ച് ചെയ്തവരുള്ളതാണ് ആശ്വാസം.

എ.എസ്.ഐമാരുടെയും എസ്.ഐയുടെയും വനിത പൊലീസുകാരുടെയും ഒഴിവുകൾ അടിയന്തരമായി നികത്തണമെന്നാണ് ആവശ്യം. ഇതുസംബന്ധിച്ച് വിവരാവകാശ പ്രവർത്തകൻ കെ.ടി. രാഹുൽ 'കേരളകൗമുദി' വാർത്ത സഹിതം ഡി.ജി.പിക്കും പരാതി നൽകിയിരുന്നു.