
കുറുപ്പംപടി: തുരുത്തി നല്ലിക്കാട്ട് ശിവൻ നാട്ടുകാർക്ക് അത്ഭുതമാവുകയാണ്. കൽപ്പണിക്കാരനായ ശിവന്റെ കരവിരുത് കല്ല് ചെത്തുന്നതിലും വീട് കെട്ടുന്നതിലും മാത്രം ഒതുങ്ങുന്നതല്ല. പല രീതിയിലുള്ള കലാരൂപങ്ങളാണ് അദ്ദേഹത്തിന്റെ കരവിരുതിൽ പണിതിറങ്ങിയത്. അതിൽ യേശുക്രിസ്തുവിന്റെ തിരുവത്താഴം മുതൽ ശിലയിൽ കൊത്തിയ ശ്രീകൃഷ്ണൻ വരെ ഉൾപ്പെടും. സാമ്പത്തികമായി വളരെയധികം പിന്നോക്കം നിൽക്കുന്ന വിശ്വകർമ്മ കുടുംബാംഗമായ ശിവൻ നല്ലിക്കാട്ടിന്റെ ജന്മനാലുള്ള വാസനയിലാണ് ഈ കൊത്തുപണികളത്രയും.
തുരുത്തിയിൽ 7-ാം വാർഡ് ദീപം കുടുംബശ്രീ യൂണിറ്റിന്റെ നേതൃത്വത്തിൽ ശിവൻ തീർത്ത രൂപങ്ങളുടെ പ്രദർശനവും വില്പനയും ഇന്നലെ ആരംഭിച്ചു. ശിവശക്തി ആർട്ട്കലാ ഗ്യാലറി യൂണിറ്റിന്റെ നേതൃത്വത്തിൽ ആരംഭിച്ച ചിത്രപ്രദർശനത്തിന്റെ ഉദ്ഘാടനം മുടക്കുഴ പഞ്ചായത്തു പ്രസിഡന്റ് പി.പി.അവറാച്ചൻ നിർവഹിച്ചു.