samridhi
സമൃദ്ധി കിച്ചൻ

കൊച്ചി: കൊച്ചി നഗരത്തിന് പത്തുരൂപയ്ക്ക് ഉച്ചയൂണ് വിളമ്പിയ കൊച്ചിൻ കോർപ്പറേഷന്റെ അഭിമാനപദ്ധതിയായ സമൃദ്ധിക്ക് നാളെ നാലാം പിറന്നാൾ. ഇതുവരെ വിളമ്പിയത് 31 ലക്ഷം ഊണുകൾ. കുടുംബശ്രീ വനിതകളുടെ കൈക്കരുത്തിൽ പടർന്നത് കടവന്ത്രയിലേക്കും കൊച്ചി കപ്പൽശാലയിലേക്കും. പിന്നെ അഞ്ച് ട്രെയിനുകളിലെ ഭക്ഷണവിതരണവും ഏറ്റെടുത്തു. ഇന്ന് ട്രെയി​ൻ യാത്രക്കാർക്കുള്ള ഓൺ​ലൈൻ ബുക്കിംഗി​നും തുടക്കമാകും. ആദ്യം ഊണ് വിളമ്പിയ എറണാകുളം നോർത്ത് പരമാരറോഡിലെ സമൃദ്ധി കിച്ചൻ ഇപ്പോൾ 24 മണിക്കൂറും ഭക്ഷണം വിളമ്പുന്നു.

സർക്കാർ സബ്സിഡി നിറുത്തലാക്കിയതോടെ പത്തുരൂപ ഊണിന് ഇവി​ടെ 20 രൂപയായി. തിരക്കിന് കുറവൊന്നുമി​ല്ല. കടവന്ത്ര ജി.സി.ഡി.എയുടെ കാന്റീൻ ഏറ്റെടുത്ത് അവിടെ പൊതുജനങ്ങൾക്കും ഭക്ഷണം നൽകിയത് ഹിറ്റായതിന് പിന്നാലെ പൊതുമേഖലാ സ്ഥാപനങ്ങളുടെ കാന്റീനുകൾ ഏറ്റെടുക്കാനുള്ള ഓഫറുകളുമെത്തി. ഒരാഴ്ചമുമ്പ് കപ്പൽശാലയിലെ 4000 ഓളം കരാർ തൊഴിലാളികളുടെ കാന്റീനും സമൃദ്ധിയുടെ കൈകളിലേക്ക് വന്നു.

20രൂപ ഊണ് രഹസ്യം

മീൻ, മാംസവിഭവങ്ങളും ബിരിയാണിയും ബർഗറും തുടങ്ങി ഐസ്ക്രീമും ജ്യൂസുംവരെ മിതമായ നിരക്കിൽ സമൃദ്ധിയിൽ ലഭ്യമാണ്. ഇവയിൽ നിന്നുള്ള ലാഭമാണ് ഊണിലെ നഷ്ടംനികത്തുന്നത്. കുടുംബശ്രീ ചേച്ചിമാരുടെ കൈപ്പുണ്യം മേമ്പൊടിയായി തിളങ്ങിനിൽക്കുന്നു.

ലേറ്റസ്റ്റ്

അടുക്കള അതിമോഡേൺ, സെൽഫ് ബില്ലിംഗ്, ജീവനക്കാർക്ക് മുഖംനോക്കി ഹാജർ സംവിധാനം, കണക്കും സ്റ്റോക്കും കമ്പ്യൂട്ടറൈസ്ഡ്, എല്ലായിടത്തും ക്യാമറ നിരീക്ഷണം. വൃത്തിയുംവെടിപ്പും പ്രത്യേകം പറയേണ്ട. വിവാഹത്തിനുൾപ്പെടെ കുറഞ്ഞനിരക്കിൽ സർവീസ്.

അടുക്കള അടിപൊളി

പരമാരറോഡിലെ കേന്ദ്രകിച്ചനിലാണ് പ്രധാനമായും പാചകം. ആധുനിക സംവിധാനങ്ങളോടെയുള്ള സ്റ്റീംകിച്ചനാണ് ഇത്. ഈ അടുക്കള കാണാൻ പല തദ്ദേശസ്ഥാപനങ്ങളിൽനിന്നും ആളെത്തുന്നുണ്ട്. വിജയരഹസ്യം അറിയാൻ വി.ഐ.പികളും വരുന്നു. മുൻധനമന്ത്രി തോമസ് ഐസക് പതിവ് സന്ദർശകൻ.

• 14 പേരി​ൽ തുടങ്ങി​, ഇപ്പോൾ 206 ജീവനക്കാർ

• 24 മണി​ക്കൂർ തുറക്കുന്ന കു‌ടുംബശ്രീയുടെ ഏകസംരംഭം

• കുടുംബശ്രീയുടെ ഏറ്റവും വലി​യ ഹോട്ടൽ

ആഘോഷം, സന്തോഷം

നാളെ പരമാര റോഡി​ലെ സമൃദ്ധി​യി​ൽ നാലാം വാർഷി​കാഘോഷം കേന്ദ്ര നഗരവി​കസന മുൻസെക്രട്ടറി​ എം. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. മേയർ അഡ്വ.എം. അനി​ൽകുമാർ അദ്ധ്യക്ഷനാകും. വൈകി​ട്ട് 6.30 മുതൽ ജീവനക്കാരുടെ സമൃദ്ധി​ കലാസന്ധ്യയും ഒരുങ്ങും.

കൊച്ചി​ കേരളത്തി​ന് സമ്മാനി​ച്ച അക്ഷയപാത്രമാണ് സമൃദ്ധി​. അഭി​മാനം. സന്തോഷം. പി​ന്തുണച്ചവർക്കെല്ലാം നന്ദി​.

അഡ്വ.എം.അനി​ൽകുമാർ

മേയർ