കൊച്ചി: ജില്ലയിൽ തിമിംഗല ഛർദി (ആംബർഗ്രീസ്) ഇടപാട് നടത്തുന്നതായി സംശയിക്കുന്ന മുഖ്യ ഏജന്റിന് വേണ്ടി വലവീശി വനംവകുപ്പ്. രണ്ട് കൊല്ലത്തിനിടെ പൊലീസും വനംവകുപ്പും നാല് കേസുകൾ പിടികൂടിയെങ്കിലും ഇടനിലക്കാർ മാത്രമാണ് വലയിലായത്. വന്യ, വനംജീവി സംരക്ഷണ നിയമപ്രകാരം ഏഴ് കൊല്ലം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണെങ്കിലും ഇടപാടിൽ കോടിക്കണക്കിന് രൂപ കിട്ടുമെന്നതിനാൽ ഈ രംഗത്ത് പ്രവർത്തിക്കുന്നവർ നിരവധിയാണ്.

കഴിഞ്ഞദിവസം ആലുവ രാജഗിരി ആശുപത്രിക്ക് സമീപത്ത് നിന്ന് പിടിയിലായ ജിലീഷ് മോൻ, അഖിൽ എം. അനിൽ, സബിൻ ജെ. സണ്ണി , ഫൈസൽ, സിജു, ഷിബി എന്നിവരെ പെരുമ്പാവൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ജിലീഷിനെയും അഖിലിനെയും സിജുവിനെയും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. ഇവരിൽ നിന്ന് മുഖ്യ ഏജന്റിനെക്കുറിച്ച് സൂചന ലഭിക്കുമെന്നാണ് പ്രതീക്ഷ. ലക്ഷദ്വീപ് കേന്ദ്രീകരിച്ച് കൊച്ചിയിലേക്ക് തിമിംഗല ഛർദി കടത്തുന്ന സംഘങ്ങളുണ്ട്. ഇവരെക്കുറിച്ചും അന്വേഷണം നടക്കുന്നു. പ്രതികളുടെ മൊബൈൽ ഫോൺ കോളുകൾ കേന്ദ്രീകരിച്ചും വനംവകുപ്പ് അന്വേഷണം ആരംഭിച്ചു.