കൊച്ചി: ടാക്സ് അടയ്‌ക്കാതെ എത്തിയ തമിഴ്നാട് ടൂറിസ്റ്റ് ബസ് മോട്ടോർവാഹന വകുപ്പ് പിടിച്ചെടുത്തു. ഇന്നലെ വൈറ്റില ഭാഗത്ത് തടഞ്ഞുനിറുത്തി നടത്തിയ പരിശോധനയിലാണ് ബസ് കസ്റ്റഡിയിലെടുത്തത്.

ബസിന് ഓൾ ഇന്ത്യ പെർമ്മിറ്റും കേരളത്തിൽ ഓടാനുള്ള ടാക്സ് അടച്ച രേഖകളും ഇല്ലെന്ന് പരിശോധയിൽ കണ്ടെത്തിയതിനെ തുടർന്നാണ് രാത്രിയോടെ കസ്റ്റഡിയില‌െടുത്ത് കാക്കനാട്ടെ മോട്ടോർവാഹന വകുപ്പ് ഓഫീസിൽ എത്തിച്ചത്. വൈകിട്ട് മൂന്നു മുതൽ ആരംഭിച്ച പരിശോധനയിൽ നിരവധി ടൂറിസ്റ്റ് ബസുകൾ പരിശോധിച്ചു. ചില ബസുകൾ തമിഴ്നാട്ടിൽ താത്കാലിക ടാക്സ് അടച്ച് ഓടുന്നവയാണെന്ന് കണ്ടെത്തി. അടുത്തിടെ കേരളത്തിൽ നിന്നുള്ള നിരവധി ടൂറിസ്റ്റ് ബസുകൾ തമിഴ്നാട്ടിൽ പിടികൂടി പിഴ ചുമത്തിയിരുന്നു.