niravu
ഏലൂരിലെ നിറവ് ഇക്കോഷോപ്പ്

കളമശേരി: ജനശ്രദ്ധയാകർഷിച്ച് മുന്നേറുകയാണ് ഏലൂർ ഫാക്ട് ഷോപ്പിംഗ് കോംപ്ളക്സിലെ 'നിറവ് ' ഇക്കോഷോപ്പ്. ഗുണമേന്മയുള്ള വിഷരഹിത പച്ചക്കറികൾ, ജൈവവളങ്ങൾ, നടീൽവസ്തുക്കൾ, കാർഷിക ഉപകരണങ്ങൾ, വിവിധയിനം അച്ചാറുകൾ, വീടുകളിൽ തയ്യാറാക്കുന്ന മറ്റ് ഉത്പന്നങ്ങൾ തുടങ്ങിയവ ഇവിടെ കിട്ടും. എല്ലുപൊടി, ചാണകപ്പൊടി, കപ്പലണ്ടി പിണ്ണാക്ക്, വേപ്പില പിണ്ണാക്ക്, സമ്മിശ്രവളം എന്നിവയും ലഭിക്കും

ഏലൂർ നഗരസഭ, കൃഷി ഭവൻ, എഫ്.എ.സി.ടി എന്നിവയുടെ സഹകരണത്തോടെ ആറുകർഷകർ ചേർന്നാണ് ഷോപ്പ് നടത്തുന്നത്. മഞ്ഞുമ്മലിൽ നടത്തിയിരുന്ന ആഴ്ചച്ചന്തയിൽ നിന്നാണ് തുടക്കം. ആഗസ്റ്റ് 18 ന് മന്ത്രി പി. രാജീവായിരുന്നു ഉദ്ഘാടനം ചെയ്തത്.

വീടുകളിലെ അടുക്കളത്തോട്ടങ്ങളിലും, കൃഷിയിടങ്ങളിലും ഉത്പാദിപ്പിക്കുന്ന ജൈവകാർഷിക വിളകൾ ഷോപ്പുമുഖേന വിറ്റഴിക്കുകയും കർഷകർക്ക് ന്യായവിലയും ഉപഭോക്താക്കൾക്ക് ശുദ്ധമായ പച്ചക്കറികളും ലഭിക്കുന്നു. സബ്സിഡി ലഭിച്ചതിനാൽ ഓണക്കാലത്ത് പൂക്കൾ പൊതുവിപണിയേക്കാൾ വിലകുറച്ചു നൽകിയിരുന്നു.

കെ.എം. മുരളി (പ്രസിഡന്റ്), ബിജു പി. ബാലൻ (സെക്രട്ടറി), സ്മിത (ട്രഷറർ), റമീന, കനകൻ, രാജേഷ് പി.ബി എന്നിവരാണ് നിറവിന് പിന്നിൽ.

ഇക്കോ ഷോപ്പ് നടത്തുവാനുള്ള കർഷകരെ കണ്ടെത്തി, അവർക്ക് അടിസ്ഥാന സൗകര്യങ്ങൾ നഗരസഭയുടെ സഹായത്തോടെ ഒരുക്കി നൽകി. ജൈവവളങ്ങളുടെ വിപണനത്തിന് ലൈസൻസ് ഉടനെ കിട്ടും. തൈകളുടെ ഉത്പാദനം കൂടിയാവുമ്പോൾ കൂടുതൽപേർക്ക് തൊഴിൽ അവസരങ്ങൾ ലഭിക്കും.

ഏയ്ഞ്ചൽ സിറിയക്, കൃഷി ഓഫീസർ

ഫാക്ടിൽനിന്ന് വിരമിച്ചശേഷം മുഴുവൻസമയ കർഷകനാണ്. കാർഷിക വിളകൾക്ക് നല്ലവില കിട്ടും. ജനങ്ങൾക്ക് മായമില്ലാത്ത പച്ചക്കറികൾ കൊടുക്കാൻ കഴിയുന്നു.

കെ.എം. മുരളി, പ്രസിഡന്റ്.

നേരിട്ടറിയാവുന്ന കർഷകരിൽ നിന്നാണ് ഉത്പന്നങ്ങൾ വാങ്ങുന്നത്. ജൈവവളം ഉപയോഗിച്ച് ഉത്പാദിപ്പിക്കുന്നവരിൽ നിന്ന് ഗുണനിലവാരം ഉറപ്പാക്കി വാങ്ങിയാണ് വില്പന. ബിസിനസ് എന്ന കാഴ്ചപ്പാടില്ല. ജനങ്ങൾക്ക് നല്ലത് നൽകുക, കർഷകരെ സംരക്ഷിക്കുക എന്നതാണ് ലക്ഷ്യം.

ബിജു പി. ബാലൻ, സെക്രട്ടറി