
കൊച്ചി: കൂടൽമാണിക്യം ക്ഷേത്രത്തിൽ കഴകം ജീവനക്കാരനായി ഈഴവ സമുദായാംഗം എത്തിയതിനെ തുടർന്ന് തന്ത്രിമാർ നടത്തുന്ന ക്ഷേത്ര ബഹിഷ്കരണത്തെ തള്ളിപ്പറഞ്ഞ് ബ്രാഹ്മണ തന്ത്രിമാരുടെ സംഘടനയായ അഖില കേരള തന്ത്രി സമാജം. ക്ഷേത്ര ചടങ്ങുകൾ മുടക്കിയുള്ള സമരം ആശാസ്യമല്ലെന്നും,അതിനെ പിന്തുണയ്ക്കാനാവില്ലെന്നും സെപ്തംബർ 29ന് തൃപ്രയാറിൽ ചേർന്ന തന്ത്രി സമാജത്തിന്റെ പ്രത്യേക യോഗം വ്യക്തമാക്കി. പ്രതിഷേധം അറിയിച്ച്, നിയമ നടപടികളുമായി മുന്നോട്ട് പോകാനാണ് യോഗത്തിന്റെ തീരുമാനം.
ദേവസ്വത്തിന്റെ തെറ്റായ നടപടി കാരണമാണ് വിട്ടുനിൽക്കുന്നതെന്നും ,ഇത് അഭിമാന പ്രശ്നമായി കാണുന്നില്ലെന്നും തന്ത്രി കുടുംബങ്ങളുടെ പ്രതിനിധികൾ യോഗത്തെ അറിയിച്ചു. പരമ്പരാഗത അവകാശങ്ങൾ സംരക്ഷിക്കണം. ഭാവിയിൽ കുലീപനീ തീർത്ഥക്കുളത്തിൽ കുളിക്കരുത്, തറ്റുടുക്കരുത് തുടങ്ങിയ നിർദ്ദേശങ്ങൾ വരെ ദേവസ്വത്തിൽ നിന്നുണ്ടാകുമെന്ന ആശങ്കയും ഇവർ പങ്കു വച്ചു. പ്രസിഡന്റ് പുലിയന്നൂർ ശശി നമ്പൂതിരിപ്പാടിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വൈസ് പ്രസിഡന്റ് എ.എ. ഭട്ടതിരിപ്പാട്, സംസ്ഥാന കമ്മിറ്റിയംഗം വേഴപ്പറമ്പ് ഈശാൻ നമ്പൂതിരിപ്പാട്, കൂടൽമാണിക്യം ക്ഷേത്രം തന്ത്രി മുഖ്യർ, ക്ഷേത്രം ഊരാളർ തുടങ്ങി 34 പേർ പങ്കെടുത്തു.
ഇന്നത്തെ അഷ്ടമംഗല
പ്രശ്നത്തിലും ജാതി പ്രശ്നം
ഇന്ന് കൂടൽമാണിക്യം ക്ഷേത്രത്തിൽ നടക്കുന്ന അഷ്ടമംഗല പ്രശ്നത്തിലും ജാതി പ്രശ്നം. ആചാര്യന്മാരായ അഞ്ചു പേരും പിന്നാക്ക സമുദായക്കാരാണ്. ക്ഷേത്രത്തിൽ വച്ച് രണ്ടു
മാസം മുമ്പ് നറുക്കെടുപ്പിലൂടെയാണ് ഇവരെ തിരഞ്ഞെടുത്തത്. തന്ത്രിമാർ നിർദ്ദേശിച്ച രണ്ട് പേർക്കും നറുക്ക് വീണില്ല.
12 വർഷത്തിലൊരിക്കൽ മാത്രം നടക്കുന്ന അഷ്ടമംഗല പ്രശ്നം ഉത്സവം പോലെ സുപ്രധാന ചടങ്ങാണ്. അതിൽ പ്രധാനപ്പെട്ട രാശി പൂജ നിർവഹിക്കേണ്ടത് തന്ത്രിയാണ്. ക്ഷേത്ര ചടങ്ങുകളിൽ നിന്ന് വിട്ടുനിൽക്കുന്ന അഞ്ച് തന്ത്രി കുടുംബങ്ങളും എത്താനിടയില്ല.
സഹകരിക്കുന്ന പടിഞ്ഞാറ്റുമന കുടുംബത്തിനുൾപ്പെടെ കത്ത് നൽകിയിട്ടുണ്ടെന്നും,
ആരെങ്കിലും വരുമെന്നാണ് പ്രതീക്ഷയെന്നും ക്ഷേത്രം അഡ്മിനിസ്ട്രേറ്റർ ജി.എസ്. രാധേഷ് പറഞ്ഞു.