
ആലുവ: ചെറിയൊരു ഇടവേളയ്ക്ക് ശേഷം ആലുവ മുനിസിപ്പൽ ഗ്രൗണ്ട് വീണ്ടും വിവാദത്തിലേക്ക്. എം.പി ഫണ്ട് ഉപയോഗിച്ചുള്ള രണ്ടാം ഘട്ട നവീകരണത്തിന്റെ ഭാഗമായി ടർഫ് ആക്കാനുള്ള നീക്കമാണ് രാഷ്ട്രീയത്തിന് അതീതമായി കായിക പ്രേമികളുടെ പ്രതിഷേധത്തിന് ഇടയാക്കിയത്.
ടർഫ് ആക്കുന്നതിന്റെ ഭാഗമായി ഇന്നലെ ഗ്രൗണ്ടിലെ മണ്ണ് ഇളക്കുന്നതിനായി എത്തിച്ച ജെ.സി.ബി പ്രതിഷേധത്തെ തുടർന്ന് മടക്കി കൊണ്ടുപോയി. ജെ.സി.ബി ഉപയോഗിച്ച് മണ്ണ് ഇളക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്നാണ് കായിക പ്രേമികളെത്തിയത്. ഇതോടെ കരാറുകാരൻ ജെ.സി.ബി പറഞ്ഞു വിട്ടു.
സംഭവമറിഞ്ഞ് നഗരസഭാ ചെയർമാൻ എം.ഒ. ജോൺ, നഗരസഭാ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ ഫാസിൽ ഹുസൈൻ, ലത്തീഫ് പൂഴിത്തറ എന്നിവരെത്തി കളിക്കാരുമായി സംസാരിച്ചെങ്കിലും ഗ്രൗണ്ട് ടർഫ് ആക്കാൻ അനുവദിക്കില്ലെന്ന നിലപാടിൽ നിന്ന് അവർ പിൻമാറിയില്ല.
ടർഫ് ആക്കിയാൽ ഫുട്ബാൾ ഒഴികെ മറ്റൊന്നിനും ഗ്രൗണ്ട് ഉപയോഗിക്കാൻ കഴിയില്ല. മാത്രമല്ല, പ്രഭാത സായാഹ്ന സവാരികളും നിലക്കും. ഇതെല്ലാം ചൂണി കാട്ടിയാണ് ടർഫ് ആക്കുന്നതിനെ കളിക്കാർ എതിർക്കുന്നത്. കളിക്കാർക്കൊപ്പം ഡി.വൈ.എഫ്.ഐ പ്രവർത്തകരും പ്രതിഷേധത്തിന് എത്തിയിരുന്നു. ഭരണപക്ഷത്തെ വലിയൊരു വിഭാഗവും ടർഫ് ആക്കുന്നതിന് എതിരാണ്. പ്രതിഷേധത്തിന് കെ.കെ. വിനോദ്, എ.എ. കമറുദ്ദീൻ, നവാസ് ബംങ്കാര, കുഞ്ഞുമോൻ പുളിയമ്പിള്ളി, കെ.ആർ. ഷൈൻ, പി.കെ. സുധീർ എന്നിവർ നേതൃത്വം നൽകി.