crowd

പെരുമ്പാവൂർ: കേരളത്തിലെ അറിയപ്പെടുന്ന ടൂറിസ്റ്റ് കേന്ദ്രമായ കോടനാടിനെയും അന്താരാഷ്ട്ര തീർത്ഥാടന കേന്ദ്രമായ മലയാറ്റൂരിനെയും ചേരാനല്ലൂരിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന മൂഴി പാലത്തിന് കേന്ദ്ര അനുമതി ലഭിച്ചതിന്റെ ആഹ്ലാദത്തിലാണ് കോടനാട് ഗ്രാമവാസികൾ.
കോടനാട് വികസന സമിതി 5001 വോട്ടർമാരുടെ കയ്യൊപ്പോടുകൂടിയ ഭീമമായ നിവേദനം പ്രധാനമന്ത്രിക്ക് സമർപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് അംഗീകാരം. ഇതിന്റെ സന്തോഷം പങ്കിടാനായി കോടനാട് വികസന സമിതി പ്രസിഡന്റ് റാഫേൽ ആറ്റുപുറത്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന പൊതുയോഗത്തിൽ മലയാറ്റൂർ-നീലീശ്വരം പഞ്ചായത്ത് അംഗം സേവ്യർ വടക്കഞ്ചേരി, ഹൈക്കോടതി അഡ്വക്കേറ്റ് സാബു ജോസഫ്, സിബി ആന്റണി, സുനിൽ മോഹൻ, നന്ദകുമാർ തോപ്പിൽ, റോയി പോൾ തുടങ്ങിയവർ സംസാരിച്ചു. പൊതുയോഗത്തിനുശേഷം ചേരാനല്ലൂർ, കോടനാട് ഗ്രാമവാസികൾ ഗ്രാമങ്ങൾ ചുറ്റിസഞ്ചരിച്ച് നടത്തിയ മധുരപലഹാര വിതരണത്തിൽ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു. അതിപുരാതനമായ കോടനാട്, തോട്ടുവ അമ്പലങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന പാതയാണ് ഇത്. ചേരാനല്ലൂരിൽ നിന്ന് അനേകം വിദ്യാർത്ഥികൾ ഇതുവഴിയാണ് മലയാറ്റൂർ സെന്റ് തോമസ് സ്‌കൂളിലേക്ക് പോകുന്നത്.

മൂഴി പാലം റോഡിന്റെ ഇപ്പോഴത്തെ അവസ്ഥ
കൂവപ്പടി പഞ്ചായത്ത് നാലാം വാർഡിൽ, തോട്ടുവ അമ്പലത്തിൽ നിന്ന് കോടനാട് ഭാഗത്തേക്ക് പോകുന്ന മൂഴി റോഡിന്റെ ഇരുവശവും കാടുപിടിച്ച് അപകടാവസ്ഥയിലാണ്. ഇവിടെ ഒരു ഭാഗം തോടും പാടവുമാണ്. കൂടാതെ നൂറോളം അന്യസംസ്ഥാന തൊഴിലാളികളും പരിസരത്ത് തമ്പടിച്ചിട്ടുണ്ട്. ചേരാനല്ലൂർ ഭാഗത്തു നിന്ന് മലയാറ്റൂർ സെന്റ് തോമസ് സ്‌കൂളിലേക്ക് പോകുന്ന വിദ്യാർത്ഥികളു തോട്ടുവ അമ്പലത്തിലേക്ക് പോകുന്ന ഭക്തരും ഉൾപ്പെടെ നൂറുകണക്കിന് ആളുകൾ സഞ്ചരിക്കുന്ന പാതയാണിത്. രണ്ടു വശവും കാടു പിടിച്ചിരിക്കുന്നതിനാൽ കൈകൊണ്ട് കാട് വകഞ്ഞുമാറ്റിയാണ് രാവിലെ സ്‌കൂൾ കുട്ടികൾ കടന്നുപോകുന്നത്.