
കൊച്ചി: ചുവന്ന ബീക്കൺ ലൈറ്റുകൾ പൊലീസ് വാഹനങ്ങൾക്ക് പുറത്തായ ദിവസം ഹൊസൈൻ അൻസാരിക്ക് മറക്കാനാകില്ല. ജീവിതം പച്ചപിടിച്ചു തുടങ്ങിയ നിമിഷം. ഹൈക്കോടതി നിയന്ത്രണമേർപ്പെടുത്തിപ്പോൾ ജീപ്പുകൾക്ക് ചുവപ്പും വെള്ളയും നീലയും നിറങ്ങളുള്ള ബീക്കൺ ലൈറ്റ് നിർമ്മിക്കാൻ കേരള പൊലീസാണ് അഞ്ചുവർഷം മുൻപ് ഉത്തർപ്രദേശുകാരൻ ഹൊസൈനെ (27) കണ്ടെത്തിയത്.
ഇന്ന് ദക്ഷിണേന്ത്യയിലെ അറിയപ്പെടുന്ന ബീക്കൺലൈറ്റ് കമ്പനിയായ ഇക്ട്രോ ഓട്ടോഴ്‌സിന്റെ ഉടമയാണ് ഹൊസൈൻ. നാല് മലയാളികളുൾപ്പടെ അഞ്ചു പേരാണ് ജീവനക്കാർ. ആലുവ ചെമ്പറക്കിയിൽ പത്ത്‌സെന്റ് സ്ഥലം വാങ്ങി രണ്ടുനില വീടുവച്ചു. താഴത്തെ നിലയിലാണ് ഓഫീസും നിർമ്മാണ യൂണിറ്റും.
തൊഴിൽതേടിയാണ് ഹൊസൈന്റെ കുടുംബം കേരളത്തിലെത്തിയത്.
2014ൽ വാഴക്കുളം ഗവ. സ്കൂളിൽ പത്താംക്ളാസ് വിദ്യാർത്ഥിയായിരുന്നപ്പോൾ സ്വന്തമായി നിർമ്മിച്ച വർണ ലൈറ്റുകൾ സൈക്കിളിൽ ഘടിപ്പിച്ച് നാട്ടുകാരെ അമ്പരപ്പിച്ചിട്ടുണ്ട്. രാത്രി ട്യൂഷൻ കഴിഞ്ഞ് ലൈറ്റും മിന്നിച്ച് വന്ന ഹൊസൈന്റെ സൈക്കിൾ ബൈക്കാണെന്ന് കരുതി തടിയിട്ട പറമ്പ് പൊലീസ് തടഞ്ഞിരുന്നു. ഈ ഓർമ്മയിൽ നിന്നാണ് പൊലീസ് ഹൊസൈനിലേക്കെത്തിയത്.
മാർക്കറ്റിൽ 28,000 രൂപയുള്ള ബീക്കൺ ലൈറ്റ് സെറ്റ് 1200 രൂപയ്‌ക്ക് ഹൊസൈൻ നിർമ്മിച്ചു. തുടർന്ന് ചിത്രം ഒ.എൽ.എക്‌സിൽ ഇട്ടു. പിന്നെ നിന്നുതിരിയാൻ സമയം കിട്ടിയിട്ടില്ല. പൊലീസ്, എക്‌സൈസ്, എം.വി.ഡി, സ്വകാര്യ ആംബുലൻസ് തുടങ്ങിയവരെവല്ലാം തേടിയെത്തി. 4,500 മുതൽ 18,500 രൂപ വരെയുള്ള മോഡലുകളുണ്ട്. മുഹമ്മദ് അൻസാരി-ജുബൈദ ബീവി എന്നിവരാണ് മാതാപിതാക്കൾ. സബീന, അഷിഖ് എന്നിവർ സഹോദരങ്ങളാണ്.
തൊടുപുഴയുടെ മരുമകൻ
മലയാളം നന്നായി സംസാരിക്കുന്ന ഹൊസൈന് കേരളമാണ് ഇഷ്ടമിടം. തൊടുപുഴക്കാരിയാണ് പ്രതിശ്രുത വധു. വിവാഹവും ഉടനുണ്ടാകും. നാലുവരെ ഗൊരഖ്പൂരിലാണ് ഹൊസൈൻ പഠിച്ചത്. കേരളത്തിലെത്തി ആദ്യരണ്ടുവർഷം ദാരിദ്ര്യത്താൽ പഠനം മുടങ്ങി. ഒന്നു മുതൽ നാലുവരെ സർക്കാർ സ്കൂളിൽ പഠിച്ചു. അഞ്ചിലെത്തിയപ്പോൾ പ്രായം വിലയിരുത്തി ഒമ്പതിലേക്ക് സ്ഥാനക്കയറ്റം കിട്ടി. 85 ശതമാനം മാർക്കോടെയാണ് എസ്.എസ്.എൽ.സി ജയിച്ചത്. പ്ലസ് ടുവിനും മികച്ച മാർക്കുണ്ടായിരുന്നു. അങ്കമാലി ഫിസാറ്റിൽ ബി.ടെക്കിന് ചേർന്നെങ്കിലും കണക്കിൽ വലഞ്ഞ് പാതിവഴിയിൽ ഉപേക്ഷിച്ചു.