കോതമംഗലം: കോതമംഗലം ഉപജില്ലാ സ്‌കൂൾ കായികമേളയ്ക്ക് എത്തിയ രണ്ടാം ക്ലാസ് വിദ്യാർത്ഥിയെ തെരുവുനായ കടിച്ച് പരിക്കേൽപ്പിച്ചു. മാലിപ്പാറ ഫാത്തിമ മാതാ യു.പി സ്‌കൂളിലെ വിദ്യാർത്ഥി നൂഹിനാണ് പരിക്കേറ്റത്. ഇതോടെ നൂഹ് ഉൾപ്പെട്ട റിലേ ടീമിന് കായികമേളയിൽ പങ്കെടുക്കാനായില്ല.

കോതമംഗലം എം.എ. കോളേജ് ഗ്രൗണ്ടിലാണ് കായികമേള നടക്കുന്നത്. തിങ്കളാഴ്ച സന്ധ്യയോടെയാണ് നായയുടെ ആക്രമണമുണ്ടായത്. വെളിച്ചക്കുറവുമൂലം റിലേ മത്സരം മാറ്റിവച്ചശേഷം നൂഹും മറ്റ് താരങ്ങളും ഗ്രൗണ്ടിന് പുറത്തേക്ക് വരുന്നതിനിടെയിലാണ് നായ ആക്രമിച്ചത്.

ഇരുട്ടായതിനാൽ നായയെ കുട്ടികൾ കണ്ടിരുന്നില്ല. നൂഹിനെ കോതമംഗലത്തെ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി.

ഇന്നലെ മത്സരങ്ങൾ നടക്കുമ്പോഴും ഇതേ നായയും മറ്റ് ചില നായകളും ഗ്രൗണ്ടിന് സമീപം അലഞ്ഞുതിരിയുന്നുണ്ടായിരുന്നു. ശ്രദ്ധയിൽപ്പെടുത്തിയിട്ടും അധികൃതർ ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് രക്ഷിതാക്കൾ ആരോപിച്ചു. കുട്ടികളുടെ സുരക്ഷയുടെ കാര്യത്തിലുള്ള അലംഭാവത്തിൽ രക്ഷിതാക്കൾ പ്രതിഷേധിച്ചു.