കൊച്ചി: തൃപ്പൂണിത്തുറ ശ്രീപൂർണത്രയീശ ക്ഷേത്രത്തിലെ വൃശ്ചികോത്സവത്തിലെ അനിശ്ചിതത്വം നീങ്ങുന്നു. ഉത്സവം ഏറ്റെടുത്തശേഷം ഇന്നലെ കൊച്ചിൻ ദേവസ്വം ബോർഡ് വിളിച്ചുചേർത്ത യോഗം പൂർവാധികം ഭംഗിയായി ഉത്സവം നടത്താൻ ഒരേസ്വരത്തിൽ തീരുമാനിച്ചു. രാജിവച്ച എട്ട് ഉപദേശക സമിതിഅംഗങ്ങളും പങ്കെടുത്തു.

ഇന്നലെ ആദ്യദിവസത്തിലെ ഉത്സവപിരിവിൽ 20ലക്ഷംരൂപ ലഭിച്ചു. പ്രവാസിയായ ഭക്തൻ പ്രജീഷ് ഏഴുലക്ഷംരൂപയുടെ ചെക്ക് കൈമാറി. ഉപദേശകസമിതി നേരത്തേ പിരിച്ചത് 18ലക്ഷം രൂപയാണ്. രണ്ട് കോടിയോളം രൂപയാണ് ഉത്സവത്തിന് വേണ്ടത്.

ചെണ്ടമേളം ഒരു പ്രമുഖ മേളപ്രമാണിക്ക് നൽകുന്നതും ക്ഷേത്രത്തിലെ ജാതിവിവേചനങ്ങളെയും ചൊല്ലിയുണ്ടായ ഭിന്നതകളാണ് കൂട്ടരാജിയിലേക്കും തർക്കങ്ങളിലേക്കും നയിച്ചത്. തുടർന്ന് ഉത്സവനടത്തിപ്പ് ദേവസ്വം ബോർഡ് നേരിട്ട് ഏറ്റെടുക്കുകയായിരുന്നു. മേളകലാകാരന്മാരെയും ദേവസ്വം ബോർഡ് നിശ്ചയിക്കും. നാളെ തൃശൂരിൽ ബോർഡ് യോഗത്തിൽ അന്തിമതീരുമാനമെടുക്കും.

യോഗത്തിൽ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. രവീന്ദ്രൻ അദ്ധ്യക്ഷനായി. അംഗങ്ങളായ അഡ്വ. പി.കെ. അജയൻ, കെ.കെ. സുരേഷ്ബാബു, സെക്രട്ടറി പി. ബിന്ദു, ഡെപ്യൂട്ടി കമ്മിഷണൽ സുനിൽ കർത്ത, സി.പി.എം നേതാവ് സി.എൻ.സുന്ദരൻ, മുനിസിപ്പൽ ചെയർപേഴ്സൺ രമ സന്തോഷ്, കൗൺസിലർ രാധിക വർമ്മ, കൊച്ചി രാജകുടുംബാംഗങ്ങളായ നിർമ്മല തമ്പുരാൻ, സുഗത തമ്പുരാൻ തുടങ്ങിയവർ പങ്കെടുത്തു.