
പറവൂർ: ക്ഷേത്രങ്ങളെ പരിപാലിച്ച് സംരക്ഷിക്കേണ്ട ദേവസ്വം ബോർഡുകൾ ക്ഷേത്രസ്വത്തുക്കൾ കൊള്ള ചെയ്യുന്ന സംവിധാനമായി മാറിയെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന പ്രസിഡന്റ് ആർ.വി. ബാബു പറഞ്ഞു. ശബരിമലയിലെ സ്വർണ കൊള്ളയ്ക്ക് ഉത്തരവാദികളായ ദേവസ്വം ബോർഡ് രാജിവച്ച് ഒഴിയണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുഐക്യവേദി പറവൂർ ദേവസ്വം അസി. കമ്മിഷണർ ഓഫീസിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ശബരിമലയിൽ നടന്നത് ദേവസ്വം ബോർഡ് ഭരണാധികാരികളുടെ പങ്കാളിത്തത്തിൽ നടന്ന കുറ്റകൃത്യമാണ്. ഹൈക്കോടതി നിയോഗിച്ച അന്വേഷണ സംഘത്തിൽ മുമ്പ് ദേവസ്വം വിജിലൻസിൽ പ്രവർത്തിച്ചവർ ഉൾപ്പെട്ടത് ആശങ്കാജനകമാണ്. ഇക്കാര്യം ഹൈക്കോടതി പുന:പരിശോധനയ്ക്ക് വിധേയമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ശബരിമലയെ രക്ഷിക്കാൻ ഹിന്ദുഐക്യവേദി ശക്തമായ സമരപരിപാടികൾ നടത്തുമെന്നും ആർ.വി. ബാബു പറഞ്ഞു. മാർച്ചിൽ സംസ്ഥാന സെക്രട്ടറി എം.സി. സാബു ശാന്തി, സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ. ചന്ദ്രശേഖരൻ, പി.സി. ബാബു, എ.ബി. ബിജു , എം.കെ. സജീവൻ, വി.എൻ. സന്തോഷ്, സരസാ ബൈജു, പത്മജ രവീന്ദ്രൻ എന്നിവർ സംസാരിച്ചു.