
കോലഞ്ചേരി: അറയ്ക്കപ്പടി ജയ് ഭാരത് എൻജിനിയറിംഗ് കോളേജിന് ഐ.എം.എയുടെ പുരസ്കാരം. എൻ.എസ്.എസ് വളന്റിയർമാരുടെ നേതൃത്വത്തിൽ രക്തദാന സേനയ്ക്ക് രൂപം നൽകി ഐ.എം.എ വഴി 130 പേർക്ക് രക്തദാനം നടത്തിയതിനും ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിച്ച് സമൂഹത്തിന് രക്തദാനം മഹാദാനമെന്ന സന്ദേശം പ്രചരിപ്പിക്കുന്നതിനും മുന്നിട്ടിറങ്ങിയതിനാണ് ആദരവ്.
അന്താരാഷ്ട്ര രക്തദാന വാരാചരണത്തോടനുബന്ധിച്ച് കലൂർ ഐ.എം.എ ഹാളിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ ഡോ. ഷമീർ കെ. മുഹമ്മദ്, പ്രോഗ്രാം ഓഫീസർ ആർ. രംഗനാഥ് എന്നിവർ പുരസ്കാരം ഏറ്റുവാങ്ങി. ജില്ലാ കളക്ടർ ജി. പ്രിയങ്ക ഉദ്ഘാടനം ചെയ്തു. ഐ.എം.എ ചെയർമാൻ ഡോ. കെ. നാരായണൻ കുട്ടി അദ്ധ്യക്ഷനായി. ഡോ. അതുൽ ജോസഫ്, ഡോ. ജുനൈദ് റഹ്മാൻ, ഡോ. എൻ. നാരായണൻ, ദിനേശ് തമ്പി, മുഹമ്മദ് നസ്രത്ത് എന്നിവർ സംസാരിച്ചു.