eldhose

കോതമംഗലം: ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് ആഴമുള്ള കിണറ്റിൽ വീണയാളെ 12 മണിക്കൂറിനുശേഷം രക്ഷപ്പെടുത്തി. കോട്ടപ്പടി ചീനിക്കിഴിയിലാണ് സംഭവം. പരത്തുവയലിൽ എൽദോസാണ് (60) രക്ഷപ്പെട്ടത്.

തിങ്കളാഴ്ച രാത്രിയിലാണ് എൽദോസ് ചുറ്റുമതിലില്ലാത്ത കിണറ്റിൽ വീണത്. ഇന്നലെ രാവിലെ കിണറ്റിൽ നിന്ന് ശബ്ദം കേട്ടതോടെയാണ് മോട്ടോറിന്റെ പൈപ്പിൽ പിടിച്ചു കിടക്കുന്ന എൽദോസിനെ കണ്ടത്. നാട്ടുകാർ ഉടൻ കോതമംഗലത്തുനിന്ന് ഫയർഫോഴ്‌സിനെ വിവരം അറിയിച്ചു.

ഇരുപത്തിയഞ്ച് അടിയോളം താഴ്ചയുള്ള കിണറ്റിൽ പത്ത് അടിയോളം വെള്ളവും ഉണ്ടായിരുന്നു. ഫയർഫോഴ്‌സുകാർ ഏറെ ശ്രമകരമായാണ് എൽദോസിനെ പുറത്തെത്തിച്ചത്. ഫയർഫോഴ്‌സ് യൂണിറ്റിലെ ആബിദും സൽമാനുമാണ് കിണറ്റിൽ ഇറങ്ങിയത്. വടവും വലയും ഉപയോഗിച്ചായിരുന്നു രക്ഷാദൗത്യം. എൽദോസിനെ കോതമംഗലത്തെ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകിയശേഷം വീട്ടിലേക്ക് അയച്ചു. അസിസ്റ്റന്റ് ഫയർ സ്റ്റേഷൻ ഓഫീസർ സതീഷ് ജോസ്, സുജിത്, ഷാജി, രാഗേഷ്, ബിനു എന്നിവരും ഫയർഫോഴ്‌സ് സംഘത്തിലുണ്ടായിരുന്നു.