കൊച്ചി: മെഡിക്കൽ ഇൻഷ്വറൻസ് റീഇംബേഴ്‌സ്‌മെന്റ് നൽകാത്ത ഇൻഷ്വറൻസ് കമ്പനി നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി. പരാതിക്കാരന് ചികിത്സ ചെലവായ 60,783.30 രൂപയും, പിഴവിനും മാനസിക ബുദ്ധിമുട്ടിനും 10,000 രൂപയും, കോടതി ചെലവായി 5,000 രൂപയും 30 ദിവസത്തിനകം നൽകണം.
ന്യൂ ഇന്ത്യ ഇൻഷ്വറൻസ് കമ്പനിക്കെതിരെ എറണാകുളം തേവര സ്വദേശി പി. എം. ജോർജാണ് കോടതിയെ സമീപിച്ചത്. പോളിസി എടുത്തിട്ടും ചികിത്സാ ചെലവായി വന്ന 61,228.99 രൂപ ആവശ്യപ്പെട്ടതിനെ തുടർന്നായിരുന്നു ഇത്. രോഗനിർണയത്തിനു മാത്രമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്ന കാരണം പറഞ്ഞാണ് ക്ലെയിം നിഷേധിച്ചത്.
രോഗലക്ഷണങ്ങൾ അടിസ്ഥാനമാക്കി നടത്തിയ പരിശോധനകൾ ചികിത്സയുടെ ഭാഗമാണെന്ന് ഡി.ബി. ബിനു അദ്ധ്യക്ഷനും വി. രാമചന്ദ്രൻ, ടി.എൻ. ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ബെഞ്ച് നിരീക്ഷിച്ചു. വ്യക്തമായ ചികിത്സാ തെളിവുകൾ ഉണ്ടായിരിക്കെ, പണം നൽകാതിരുന്നത് അനീതിയാണെന്നും വ്യക്തമാക്കി. പരാതിക്കാരന് വേണ്ടി അഡ്വ. റെയ്‌നോൾഡ് ഫെർണാണ്ടസ് ഹാജരായി.