വൈപ്പിൻ: ഗ്രാമപഞ്ചായത്ത് ജീവനക്കാരുടെ അനാസ്ഥയ്‌ക്കെതിരെ പഞ്ചായത്ത് പ്രസിഡന്റ് പഞ്ചായത്ത് ഓഫീസിൽ നിരാഹാര സമരം തുടങ്ങി. എടവനക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അസീന അബ്ദുൽസലാമാണ് സമരം തുടങ്ങിയത്.
തീരദേശ പരിപാലന നിയമപ്രകാരം വീട് നിർമ്മിക്കുന്നതിനുള്ള നിയന്ത്രണത്തിൽ 2019 ജനുവരിയിൽ കേന്ദ്രസർക്കാരും 2024 ഡിസംബറിൽ സംസ്ഥാന സർക്കാരും പ്രഖ്യാപിച്ച ഇളവുകൾ പ്രാബല്യത്തിലാക്കാൻ പഞ്ചായത്ത് ജീവനക്കാർ തടസം നിൽക്കുന്നുവെന്നാണ് പ്രസിഡന്റ് ആരോപിക്കുന്നത്. എടവനക്കാട് സമരസമിതി കഴിഞ്ഞ ഒരു വർഷമായി ഉന്നയിക്കുന്നതാണീ ആരോപണം.
ഇക്കാര്യം ഉന്നയിച്ച് സംസ്ഥാനപാതയിൽ കുടിൽകെട്ടി സമരം, രാപ്പകൽ സമരം, സംസ്ഥാനപാത ഉപരോധം, പഞ്ചായത്ത് ഓഫീസിൽ കുത്തിയിരിപ്പ് സമരം തുടങ്ങി ഒട്ടേറെ സമരങ്ങൾ സമരസമിതിക്കാർ നടത്തിയിട്ടുണ്ട്. അപ്പോഴൊക്കെ സമരം രാഷ്ട്രീയ പ്രേരിതമാണെന്നായിരുന്നു പ്രസിഡന്റിന്റെ നിലപാടെന്നും തങ്ങൾ ഒരു വർഷമായി ഉന്നയിക്കുന്ന കാര്യങ്ങൾ ഇപ്പോൾ പ്രസിഡന്റും ഉന്നയിക്കുന്നതിൽ സന്തോഷമുണ്ടെന്നും സമരസമിതി നേതാവ് ഇ.കെ. സലിഹരൻ പറഞ്ഞു.
രാഷ്ട്രീയവും ഉദ്യോഗസ്ഥ നിലപാടും
പഞ്ചായത്ത് ഭരിക്കുന്നത് കോൺഗ്രസാണ്. കോൺഗ്രസിലെ ഒൻപതാം വാർഡ് മെമ്പർ സാബു, സമരസമിതിയുടെ കൺവീനർ കൂടിയാണ്. കോൺഗ്രസിലെ തന്നെ നാലാം വാർഡ് മെമ്പർ ഇ.ആർ. ബിനോയ് (വിനോദ്) തിങ്കളാഴ്ച സി.ആർ.ഇസഡ്. തിരുവനന്തപുരം ഓഫീസിലെത്തി അവിടെ സമരം പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇവിടെയല്ല എടവനക്കാട് പഞ്ചായത്തിലാണ് സമരം നടത്തേണ്ടതെന്ന് അവിടത്തെ ഉദ്യോഗസ്ഥർ നിലപാടെടുത്തു. തുടർന്നാണ് പ്രസിഡന്റ് ഇന്നലെ സമരം നടത്തിയത്.
അസിസ്റ്റന്റ് എൻജിനീയർ, 3 ഓവർസിയർമാർ എന്നിവർ അടങ്ങിയ പഞ്ചായത്ത് ഉദ്യോഗസ്ഥരാണ് സി.ആർ.ഇസഡ്. നിയന്ത്രണത്തിലെ ഇളവുകൾ പരിഗണിച്ച് ബന്ധപ്പെട്ട സ്ഥലത്തിന്റെ മാപ്പ് പരിശോധിച്ച് ഭവന നിർമ്മാണത്തിനുള്ള അനുമതിക്ക് ശുപാർശ ചെയ്യേണ്ടത്. ശുപാർശയുടെ അടിസ്ഥാനത്തിൽ സെക്രട്ടറിയാണ് വീട് നിർമ്മാണത്തിന് പെർമിറ്റ് നൽകേണ്ടത്.
സി.ആർ.ഇസഡ്. നിയമത്തിലെ ഇളവുകൾ
സി.ആർ.ഇസഡ്. 3 ബി വിഭാഗത്തിലാണ് എടവനക്കാട് പഞ്ചായത്ത്. പുഴ, തോടുകൾ, പൊക്കാളിപ്പാടങ്ങൾ എന്നിവയിൽ നിന്നുള്ള ദൂരം കണക്കാക്കി 3229 ചതുരശ്രയടി വരെയുള്ള വീടുകളുടെ നിർമ്മാണത്തിന് പെർമിറ്റ് നൽകാനാവും എന്നാണ് നിയമഭേദഗതിയിൽ പറയുന്നത്. ഇതിലെ ദൂരപരിധി പരിശോധിക്കുന്ന കാര്യത്തിലാണ് ഉദ്യോഗസ്ഥർക്ക് ആശങ്കയുള്ളത്. ദുരിത നിവാരണവും ശുചിത്വവും പാലിച്ച് നിഷിദ്ധ മേഖലകളിൽ തദ്ദേശവാസികൾക്ക് വീട് നിർമ്മാണത്തിന് അനുമതി നൽകാമെന്നതാണ് നിയമത്തിൽ വരുത്തിയിട്ടുള്ള ഇളവുകൾ. ഇളവുകൾ പ്രാബല്യത്തിൽ ആക്കിയാൽ സാധാരണക്കാരായ നിരവധിപേർക്ക് വീട് നിർമ്മിക്കാൻ ആകും.