crime

കോതമംഗലം: സഹപാഠിയായ വിദ്യാർത്ഥിനിയുമായുള്ള സൗഹൃദത്തിന്റെ പേരിൽ പ്ലസ് ടു വിദ്യാർത്ഥിയെ ഒരു സംഘമാളുകൾ അതിക്രൂരമായി മർദ്ദിച്ചു. വാരപ്പെട്ടി സ്വദേശിയായ 17 കാരനാണ് മർദ്ദനമേറ്റത്. വീട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നാലു പേരെ കോതമംഗലം പൊലീസ് കസ്റ്റഡിയിലെടുത്തു.

പായിപ്ര ദേവിക വിലാസം അജിലാൽ (47),​ ചെറുവട്ടൂർ കാനാപറമ്പിൽ അൽഷിഫ് (22), മുളവൂർ കുപ്പക്കാട്ട് അമീൻ നസീർ (24), ചെറുവട്ടൂർ ചെങ്ങനാട്ട് അഭിറാം (22) എന്നിവരാണ് കസ്റ്റഡിയിലുള്ളത്. അറസ്റ്റ് രേഖപ്പെടുത്തി ഇന്ന് കോടതിയിൽ ഹാജരാക്കും. പെൺകുട്ടിയുടെ ഫോണിൽ നിന്ന് മെസേജ് അയച്ച് വിളിച്ചുവരുത്തിയ ശേഷമാണ് വിദ്യാർത്ഥിയെ മർദ്ദിച്ചത്. തുടർന്ന് വീടിന് സമീപം ഇറക്കിവിട്ടു. മുഖത്തും തലയിലും പുറത്തും പരിക്കുണ്ട്. ആന്തരീകാവയവങ്ങൾക്കും ക്ഷതമേറ്റു. കുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതികൾക്കെതിരെ വധശ്രമക്കുറ്റം ചുമത്തിയേക്കും.