കൊച്ചി: കൊച്ചി - ധനുഷ്‌കോടി ദേശീയപാതയിൽ നേര്യമംഗലം - വാളറവരെയുള്ള 14.5 കിലോ മീറ്റർ വനമേഖലയാണെന്ന മുൻനിലപാട് തിരുത്തി സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ സത്യവാങ്മൂലം ഫയൽചെയ്തു. ചീഫ് സെക്രട്ടറി ഫയൽ ചെയ്തിരിക്കുന്ന പുതിയ സത്യവാങ്മൂലത്തിൽ ഈ മേഖല റവന്യൂഭൂമിയാണെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. നേരത്തെ വനഭൂമിയാണെന്ന് അറിയിച്ചതിനെത്തുടർന്ന് ദേശീയപാതയുടെ നിർമ്മാണം ഹൈക്കോടതി തടഞ്ഞിരുന്നു. വനംവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായിരുന്നു തെറ്റായ സത്യവാങ്മൂലം ഫയൽ ചെയ്തത്.
അനുമതിയില്ലാതെയുള്ള പ്രവർത്തനങ്ങൾ തടയണമെന്ന് ആവശ്യപ്പെട്ട് തൊടുപുഴ സ്വദേശി എം.എൻ. ജയചന്ദ്രൻ നൽകിയ ഹർജിയാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. മേഖല വനഭൂമിയാണെന്ന് സർക്കാർ സത്യവാങ്മൂലം നൽകിയിട്ടുള്ളത് ഹർജിക്കാരൻ ചൂണ്ടിക്കാട്ടിയതിനെ തുടർന്നായിരുന്നു നിർമ്മാണ പ്രവർത്തനം നേരത്തെ വിലക്കിയത്. ഹൈക്കോടതിയിൽ ദേശീയപാത അതോറിട്ടി റിവ്യൂ ഹർജി നൽകിയപ്പോൾ അഡ്വക്കറ്റ് ജനറൽ സത്യവാങ്‌മൂലം തിരുത്തി നൽകുമെന്ന് കോടതിയിൽ അറിയിച്ചിരുന്നു. നിലവിലെ സത്യവാങ്മൂലത്തിലൂടെ നിർമ്മാണ പ്രവർത്തനം പുനരാരംഭിക്കാവുന്ന സാഹചര്യമാണുണ്ടായിരിക്കുന്നത്.