
കൊച്ചി: കാലടി പി.സി.കെ ബ്ലോക്ക് 12ലെ എണ്ണപ്പന തോട്ടത്തിന് സമീപം മയിലുകുഴി ജനവാസമേഖലയോട് ചേർന്ന സ്ഥലത്ത് കാലിൽ ഗുരുതരമായി പരിക്കേറ്റ നിലയിൽ കണ്ടെത്തിയ കാട്ടാനയെ വനംവകുപ്പ് മയക്കുവെടിവെച്ച് പിടികൂടി വിദഗ്ധ ചികിത്സ നൽകി വിട്ടയച്ചു.
ഇന്നലെ രാവിലെ 9മണിയോടെയാണ് ഫോറസ്റ്റ് അസിസ്റ്റന്റ് വെറ്ററിനറി ഓഫീസർ ഡോ. ബിനോയ് സി. ബാബു, കാലടി റേഞ്ച് ഓഫീസർ ഇ.ബി. ലുധിഷ്, കോടനാട് റേഞ്ച് ഓഫീസർ ആർ.അധിഷ്, അതിരപ്പള്ളി റേഞ്ച് ഓഫീസർ ജീഷ്മ, അസിസ്റ്റന്റ് വെറ്ററിനറി ഓഫീസർമാരായ ഒ.വി. മിഥുൻ, ഡോ.സിറിൽ അലോഷ്യസ് എന്നിവരുടെ നേതൃത്വത്തിൽ ആനയെ പിടികൂടി മുറിവ് വൃത്തിയാക്കി ചികിത്സ നൽകിയത്.
കഴിഞ്ഞ മാസം 19നാണ് പിൻകാലിന് പരിക്കേറ്റ ആനയെ അതിരപ്പള്ളി റേഞ്ചിൽ കണ്ടെത്തിയത്. അന്നുതന്നെ മയക്കുവെടിവച്ച് പിടികൂടി ചികിത്സയും നൽകിയിരുന്നു. പിന്നീട് കാലടി റേഞ്ച് പരിധിയിലേക്ക് നീങ്ങിയ ആനയ്ക്ക് പഴത്തിലും മറ്റ് ഭക്ഷ്യവസ്തുക്കളിലും ചേർത്ത് മരുന്ന് നൽകുന്നുണ്ടായിരുന്നു. എന്നാൽ കാലിലെ പഴുപ്പ് കെട്ടിക്കിടന്ന് നീർവീഴ്ച്ച മൂലം ആനയ്ക്ക് നടക്കാൻ പ്രയാസമായി. തുടർന്നാണ്
ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് ജി. കൃഷ്ണൻ, ചീഫ് ഫോറസ്റ്റ് വെറ്ററിനറി സർജൻ ഡോ. അരുൺ സഖറിയ എന്നിവരുമായി കൂടിയാലോചിച്ച് ആനയെ ഒരിക്കൽകൂടി മയക്കുവെടിവച്ച് പിടിച്ച് ചികിത്സ നൽകാൻ തീരുമാനിച്ചത്.
കണ്ണിമംഗലം, കാരക്കാട്, എവർഗ്രീൻ, എഴാറ്റുമുഖം, അതിരപ്പിളളി, പെരുന്തോട് സ്റ്റേഷനുകളിലെ ജീവനക്കാർ, കോടനാട് ആർ.ആർ.ടി സംഘം, വാച്ചർമാർ തുടങ്ങി വിവിധ ഫോറസ്റ്റ് സ്റ്റേഷനുകളിലെ നൂറോളം ജീവനക്കാരും ഓപ്പറേഷനിൽ പങ്കെടുത്തു. ഇന്നലെ ചികിത്സയ്ക്ക് ശേഷം കാട്ടിലേക്ക് കയറ്റിവിട്ട ആന സ്വയം നടന്ന് ഭക്ഷണം എടുത്തു തുടങ്ങി. എങ്കിലും വരും ദിവസങ്ങളിലും ആനയെ നിരീക്ഷിച്ച് ആരോഗ്യസ്ഥിതി വിലയിരുത്തും.