തൃപ്പൂണിത്തുറ: ഭവനരഹിതർ ഇല്ലാത്ത ഗ്രാമപഞ്ചായത്ത് എന്ന ലക്ഷ്യത്തോടെ അഭിമാനകരമായ നേട്ടവുമായി ഉദയംപേരൂർ ഗ്രാമപഞ്ചായത്ത്. ഭവനരഹിതരായ 306 കുടുംബങ്ങൾക്ക് ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി അഞ്ചുവർഷത്തിനുള്ളിൽ വീടുകൾ നിർമ്മിക്കാൻ കരാർ ഒപ്പിട്ടു. 226 വീട് പണി പൂർത്തിയാക്കി വിജയഗാഥ തുടരുകയാണ്.
ഉദയംപേരൂർ ഗ്രാമപഞ്ചായത്ത് ലൈഫ‌്മിഷൻ പദ്ധതിയിൽ പെടുത്തി നാലുലക്ഷം രൂപയാണ് പഞ്ചായത്തിൽനിന്ന് അനുവദിക്കുന്നത്. മത്സ്യത്തൊഴിലാളി വിഭാഗവും പട്ടികജാതി വിഭാഗവും ഏറെയുള്ള പഞ്ചായത്തിൽ ഇരുവിഭാഗത്തിനും വീട് നൽകിയാൽ മാത്രമേ ജനറൽ വിഭാഗത്തിന് വീട് നൽകാൻ കഴിയുകയുള്ളൂ. പഞ്ചായത്തിന്റെ പ്ലാൻഫണ്ട് ഉപയോഗിച്ച് ഇത്രയും പേർക്ക് വീട് നൽകാൻ കഴിയുമായിരുന്നില്ല. എല്ലാവർക്കും വീട് നൽകുന്നതിന് സംസ്ഥാന സർക്കാരിന്റെ ഗ്യാരണ്ടിയോടെ ഹഡ്കോയിൽനിന്ന് രണ്ടുകോടിരൂപ വായ്പ എടുത്തു. മത്സ്യത്തൊഴിലാളി വിഭാഗത്തിലെയും പട്ടികജാതി വിഭാഗത്തിലെയും ഗുണഭോക്താക്കളുടെ യോഗം വിളിച്ചു വീട് നിർമ്മിക്കാൻ നിർദ്ദേശം നൽകിയതിനോടൊപ്പം കരാർവച്ച് നിർമ്മാണം ആരംഭിക്കുകയും ചെയ്തു. ഭരണകാലാവധി അഞ്ചുവർഷം പൂർത്തീകരിക്കാൻ മാസങ്ങൾ ബാക്കിയുള്ളപ്പോൾ 226 വീട് പൂർത്തീകരിച്ചു . ബാക്കിയുള്ള കുടുംബങ്ങളുടെ ഭവനങ്ങളുടെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. അഞ്ചുവർഷംകൊണ്ട് 306 വീട് എന്ന അഭിമാനകരമായ നേട്ടത്തിലേക്കാണ് നിലവിലെ ഭരണസമിതി കുതിക്കുന്നത്.
മുൻ ഭരണസമിതിയുടെ കാലത്ത് 8 വീടുകൾ മാത്രം നിർമ്മിച്ചു നൽകിയപ്പോഴാണ് ഈ അഭിമാന നേട്ടത്തിന് പഞ്ചായത്ത് പ്രസിഡന്റ് സജിത മുരളിയുടെ നേതൃത്വത്തിലുള്ള ഭരണസമിതി ചുക്കാൻ പിടിച്ചത്.
ജനറൽ വിഭാഗം
കരാർവച്ചത് : 136
പൂർത്തീകരിച്ചത് : 69
മത്സ്യത്തൊഴിലാളി വിഭാഗം
കരാർവച്ചത് :119
പൂർത്തീകരിച്ചത്: 105
പട്ടികജാതി വിഭാഗം
കരാർവച്ചത് 52
പൂർത്തീകരിച്ചത് 48
അതിദരിദ്ര വിഭാഗം
കരാർ വച്ചത്: 8
നിർമ്മിച്ചു നൽകിയത്: 4
മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ ലൈഫ് പദ്ധതിയിൽ ഏറ്റവും കൂടുതൽ വീടുകൾ നിർമ്മിച്ചത് ഉദയംപേരൂർ ഗ്രാമപഞ്ചായത്തിലാണ്.
ഭവന രഹിതർ ഇല്ലാത്ത കേരളമെന്ന സർക്കാർ പ്രഖ്യാപനത്തിലേക്ക് ഉദയംപേരൂർ ഗ്രാമപഞ്ചായത്തിന്റെ ഉറച്ച കാൽവയ്പ്പാണ് ലൈഫ് ഭവന പദ്ധതി. എല്ലാവരും സംതൃപ്തിയോടെ ജീവിക്കുന്ന നാടായി ഗ്രാമപഞ്ചായത്തിനെ മാറ്റുന്ന വികസന പദ്ധതികളാണ് നടപ്പിലാക്കുന്നത്.
ടി. കെ. ജയചന്ദ്രൻ
ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ