മുളന്തുരുത്തി: വിവിധ ഘട്ടങ്ങളായി ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച മുളന്തുരുത്തി ആധുനിക മത്സ്യമാർക്കറ്റ് ശോചനീയാവസ്ഥയിൽ. 13 വർഷംമുമ്പ് കെ. ബാബു ഫിഷറീസ് മന്ത്രി ആയിരിന്നപ്പോൾ ആധുനിക മത്സ്യമാർക്കറ്റ് എന്ന പേരിൽ നാമകരണം ചെയ്യുകയും കെട്ടിടം നിർമ്മിക്കുകയും ചെയ്തു. എന്നാൽ മത്സ്യമാർക്കറ്റിൽ ശാസ്ത്രീയ മാലിന്യസംസ്കരണ സംവിധാനങ്ങളോ മാർക്കറ്റിലേക്ക് ആവശ്യമായ ഐസ് ഫ്രീസിംഗ് യൂണിറ്റ് ഉൾപ്പെടെയുള്ള സൗകര്യങ്ങളോ സ്ഥാപിച്ചില്ല.
മുളന്തുരുത്തി ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ ലക്ഷങ്ങൾമുടക്കി മേൽക്കൂര നിർമ്മിച്ച് തിരു കൊച്ചി മാർക്കറ്റ് എന്ന പേരിൽ പുനർനാമകരണം ചെയ്തെങ്കിലും ഉദ്ഘാടനത്തിനുശേഷം. കെട്ടിടം കെ.എസ്ഇ.ബി ക്കും ബീവറേജസ് കോർപ്പറേഷനും റേഷൻകടയ്ക്കും വാടകയ്ക്ക് നൽകിയതോടെ മാർക്കറ്റിന്റെ കഷ്ടകാലവും തുടങ്ങി. വേണ്ടത്ര കനമില്ലാത്ത തറയോടുകൾ പാകിയതിനാൽ മാർക്കറ്റിനുള്ളിലേക്ക് ഭാരവാഹനങ്ങൾ കയറിയിറങ്ങി ആറുമാസം പിന്നിട്ടപ്പോഴേക്കും മാർക്കറ്റിലെ തറയോടുകൾ തകർന്നു തരിപ്പണമായി. നിർമ്മാണത്തിലെ അപാകതയ്ക്കെതിരെ വ്യാപകമായ പ്രതിഷേധം ഉയർന്നതോടെ പൊട്ടിയകട്ടകൾ മാറ്റിസ്ഥാപിച്ചെങ്കിലും ബാക്കിയുള്ള തറയോടുകളും തകർന്ന് നിലവിലെ സ്ഥിതി കൂടുതൽ പരിതാപകരമായി. ഇതിനെതിരെ വിജിലൻസിൽ പരാതി നൽകിയിട്ടുണ്ട്.
ദുരിതക്കാഴ്ചകൾ മാത്രം
1 മാർക്കറ്റിൽ സ്ഥാപിച്ചിരുന്ന നിലവാരമില്ലാത്ത തറയോടുകൾ തകർന്ന് തരിപ്പണമായി
2 മാർക്കറ്റിന് ഉൾവശം കെ.എസ്.ഇ.ബിയുടെ ആക്രിസാധനങ്ങൾ ശേഖരിക്കുന്ന ഇടമായി മാറിയതോടെ ആധുനിക മത്സ്യമാർക്കറ്റ് സ്ക്രാപ്പ് യാർഡായി
3 പഞ്ചായത്തിലെ കർഷകർക്ക് തങ്ങളുടെ ഉത്പന്നങ്ങൾ വിൽക്കുന്നതിന് മാർക്കറ്റിൽ സ്ഥിരം സംവിധാനം ഒരുക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും നടപ്പായില്ല
4 മാർക്കറ്റിൽ ഉണ്ടായിരുന്ന ജൈവമാലിന്യ സംസ്കരണപ്ലാന്റ് നവീകരണത്തിന്റെ പേരിൽ പൊളിച്ചുമാറ്റിയതോടെ മാലിന്യസംസ്കരണവും തകരാറിലായി. നിർമ്മിച്ച കെട്ടിടമാകട്ടെ അവിടവിടെ ചോർന്നൊലിക്കുന്ന നിലയിലും