asramam-
ആലുവ അദ്വൈതാശ്രമ ഭൂമി കൈയേറാനുള്ള നഗരസഭയുടെ നീക്കത്തിനെതിരെ ഹിന്ദു ഐക്യവേദി സംഘടിപ്പിച്ച മുനിസിപ്പൽ ഓഫീസ് മാർച്ച് സംസ്ഥാന കമ്മിറ്റി അംഗം കെ.പി. സുരേഷ് ഉദ്ഘാടനം ചെയ്യുന്നു

ആലുവ: ശ്രീനാരായണ ഗുരുദേവൻ സ്ഥാപിച്ച അദ്വൈതാശ്രമ ഭൂമി കൈയേറാനുള്ള നഗരസഭയുടെ നീക്കത്തിനെതിരെ ഹിന്ദു ഐക്യവേദി ആലുവ താലൂക്ക് സമിതി സംഘടിപ്പിച്ച മുനിസിപ്പൽ ഓഫീസ് മാർച്ച് സംസ്ഥാന കമ്മിറ്റി അംഗം കെ.പി. സുരേഷ് ഉദ്ഘാടനം ചെയ്തു. 1912ൽ ശ്രീനാരായണ ഗുരുദേവൻ പണം കൊടുത്ത് തീറ് വാങ്ങിയ ഭൂമിയുടെ രേഖകൾ നിയമപരമായി നിലനിൽക്കെ നഗരസഭയുടെ ആസ്തി രജിസ്റ്ററിൽ തിരുകിക്കയറ്റിയത് അനീതിയും നിയമവാഴ്ചയോടുള്ള വെല്ലുവിളിയുമാണെന്ന് കെ.പി. സുരേഷ് പറഞ്ഞു. ആശ്രമത്തിന്റെ പരിശുദ്ധി കളങ്കപ്പെടുത്താനും വസ്തുവകകൾ കൈവശപ്പെടുത്താനും നേതൃത്വം കൊടുക്കുന്ന മുനിസിപ്പൽ ചെയർമാൻ മാപ്പുപറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സംസ്ഥാന വൈസ് പ്രസിഡന്റ് ക്യാപ്ടൻ സുന്ദരം, ജില്ല പ്രസിഡന്റ് പി.സി. ബാബു, ജില്ലാ ജന. സെക്രട്ടറി ആ.ഭ ബിജു, സംഘടന സെക്രട്ടറി കെ.എസ്. ശിവദാസ്, സെക്രട്ടറി എ.വി. കലേശൻ, താലൂക്ക് പ്രസിഡന്റ് മുരളി, വൈസ് പ്രസിഡന്റ് ഷൈൻ, സംഘടനാ സെക്രട്ടറി വി. ബേബി, കെ.പി. തൃദീപ്, സിദ്ധാർത്ഥൻ എന്നിവർ സംസാരിച്ചു.

നേരത്തെ ആശ്രമ കവാടത്തിൽ നിന്നാരംഭിച്ച മാർച്ചിന് ആശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യ താലൂക്ക് പ്രസിഡന്റ് മുരളിക്ക് പതാക കൈമാറി തുടക്കം കുറിച്ചു. എസ്.എൻ.ഡി.പി യോഗം ആലുവ യൂണിയൻ പ്രസിഡന്റ് സന്തോഷ് ബാബു സംസാരിച്ചു.