ആലുവ: കരുമാല്ലൂരിൽ നാലു വയസുകാരന്റെ മുഖം തെരുവ് നായ കടിച്ചുകീറിയ സംഭവത്തിൽ വീട്ടുകാർക്ക് നഷ്ടപരിഹാരവും നാട്ടുകാർക്ക് സുരക്ഷയും ആവശ്യപ്പെട്ട് പഞ്ചായത്ത് പ്രസിഡന്റ് സബിത നാസറിന് നിവേദനം നൽകി. തെരുവുനായ വിമുക്ത കേരളസംഘം ചെയർമാൻ ജോസ് മാവേലിയുടെ നേതൃത്വത്തിൽ കടിയേറ്റ കുട്ടിയുടെ പിതാവ് സി.ആർ. അനിലും മാതാവ് നിമിഷയും അടക്കമാണ് നിവേദനം നൽകിയത്.
കരുമാല്ലൂർ പഞ്ചായത്ത് നാലാം വാർഡ് മനക്കപ്പടി മംഗലപ്പറമ്പ് ചെള്ളേഴത്ത് വീട്ടിൽ അശ്വന്ത് എന്ന നാലുവയസുകാരനെയാണ് നായ ആക്രമിച്ചത്. മുഖത്തും ചുണ്ടിലും ആഴത്തിൽ മുറിവേറ്റ കുട്ടിക്ക് പേവിഷ പ്രതിരോധ കുത്തിവെപ്പ് എടുത്തുതുടങ്ങി. പെയിന്റിംഗ് തൊഴിലാളിയായ പിതാവിന്റെ വരുമാനം കൊണ്ടാണ് കുടുംബം കഴിഞ്ഞുപോകുന്നത്. വരുമാനമാർഗം ഉപേക്ഷിച്ച് കുട്ടിയുടെ ചികിത്സയ്ക്കായി അലയുന്ന കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്നും ജനവാസ പ്രദേശങ്ങളിലെ തെരുവ് നായ്ക്കളെ ഷെൽട്ടറുകളിലേക്ക് മാറ്റണമെന്നുമാണ് നിവേദനത്തിലെ ആവശ്യം.