 
കാലടി : ചോർന്നൊലിച്ച് ഏതു നിമിഷവും തകർന്നു വീഴാവുന്ന ചെറിയ കൂരയിൽ കഴിഞ്ഞിരുന്ന ആതിരയ്ക്ക് ആശ്വാസത്തിന്റെയും ആത്മവിശ്വാസത്തിന്റെയും കരുത്ത് പകർന്ന് കാലടി പിരാരൂരിലെ ഫ്രണ്ട്സ് ആർട്സ് ക്ലബ് ആൻഡ് ലൈബ്രറി പ്രവർത്തകർ. ഇവരുടെ നേതൃത്വത്തിൽ ആതിരയ്ക്കായി അടച്ചുറപ്പുള്ള ഒരു വീട് ഒരുങ്ങിക്കഴിഞ്ഞു. 2023 സെപ്തംബറിൽ ലൈഫ് പദ്ധതി ഗുണഭോക്താവായ ആതിരയ്ക്ക് വീട് നിർമ്മാണത്തിനുള്ള ആദ്യഗഡുവായ 4,00,000 രൂപ കിട്ടിയ സന്തോഷത്തിൽ വാർഡ് മെംബർ ചെന്ന് കണ്ടെങ്കിലും വീട് നിർമ്മാണ ഉത്തരവാദിത്വം അവർ ഏറ്റെടുത്തില്ല. ലൈഫ് പദ്ധതിയിൽ ആകെ 4 ലക്ഷം രൂപയാണ് സർക്കാർ അനുവദിക്കുന്നത്. വീട് നിർമ്മാണം നടക്കാതെ പ്രതിസന്ധിയിലായപ്പോഴാണ് മറ്റൂർ ബ്ലോക്ക് ഡിവിഷൻ മെംബറുമായ സിജോ ചൊവ്വരാനെ സമീപിച്ച് കാലടി പഞ്ചായത്തിലെ ആശ്രയ ഗുണഭോക്താവും പട്ടികജാതി വിഭാഗത്തിൽപ്പെടുന്നതുമായ അവിവാഹിതയായ ആതിര സഹായം അഭ്യർത്ഥിച്ചത്.
ആതിരയുടെ ദുരവസ്ഥ അറിയാവുന്ന സിജോ ചൊവ്വരാൻ താൻ രക്ഷാധികാരിയായ പിരാരൂർ ഫ്രണ്ട്സ് ക്ലബിന്റെ യോഗം വിളിച്ചു ചേർത്ത് വീട് നിർമ്മാണ പ്രവൃത്തി ഏറ്റെടുക്കുകയായിരുന്നു. ക്ലബ്ബ് പ്രവർത്തർ സുമനസുകളുടെ സഹായത്താൽ ആതിരയുടെ വീട് നിർമ്മാണം യാഥാർത്ഥ്യമാക്കി. വിട് നിർമ്മാണത്തിനാവശ്യമായ സാമഗ്രികൾ പലരിൽ നിന്നായി സ്പോൺസർ ചെയ്യിപ്പിച്ചു. തറ നിർമ്മാണം സൗജന്യമായി ഏറ്റെടുത്ത തോട്ടേക്കാട് സലിയും ജോലിക്കാരും, ഇലക്ട്രിക്കൽ പണികൾ ചെയ്ത സച്ചിനും കൂട്ടുകാരും, പെയിന്റിംഗ് നടത്തിയ സി.പി.എം പ്രവർത്തകർ, വിവിധ സന്നദ്ധ സംഘടനകൾ എന്നിവരെല്ലാം ഒത്തു ചേർന്ന് ലൈഫ് ഭവന പദ്ധതിയിൽ പുതിയ ചരിത്രം രചിക്കുകയായിരുന്നു.