മരട്: എറണാകുളം പാർലമെന്റ് മണ്ഡലത്തിൽ ഓട്ടോറിക്ഷ തൊഴിലാളികൾക്കായി ഹൈബി ഈഡൻ എം.പി നടപ്പിലാക്കുന്ന ഏയ് ഓട്ടോ -വെൽനെസ് ക്യാമ്പ് വിദഗ്ദ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ മരട് നഗരസഭ നെട്ടൂർ പ്രിയദർശിനി ഹാളിൽ സംഘടിപ്പിച്ചു. തൃപ്പൂണിത്തുറ, കുമ്പളം, മരട് പ്രദേശത്തെ ഓട്ടോറിക്ഷ തൊഴിലാളികൾ പങ്കെടുത്തു. ബി. പി. സി.എൽ കൊച്ചിയുടെ സി.എസ്. ആർ പിന്തുണയോടെ ഇടപ്പള്ളി ഫ്യൂച്ചറേസ് ഹോസ്പിറ്റലുമായി സഹകരിച്ചായിരുന്നു ക്യാമ്പ്. ജീവിതശൈലി രോഗനിർണയത്തിനാവശ്യമായ രക്തസാമ്പിളുകൾ ശേഖരിച്ചു. റിസൾട്ടുകൾ ഓരോരുത്തരുടെയും വാട്ട്സാപ്പിൽ ലഭ്യമാക്കും. ദന്തപരിശോധന, കാഴ്ചപരിശോധന, കേൾവി പരിശോധന എന്നിവയും നടത്തി. കണ്ണട നിർദ്ദേശിക്കപ്പെട്ടവർക്ക് അവ വിതരണം ചെയ്യും.
ഫിസിയോ തെറാപ്പി കൺസൾട്ടേഷനുമുണ്ടായിരുന്നു. നിരവധി പ്രതിസന്ധികളെ അതിജീവിച്ച് തൊഴിലെടുക്കുന്നവരാണ് ഓട്ടോറിക്ഷ തൊഴിലാളികൾ. അവരുടെ ക്ഷേമം ലക്ഷ്യമിട്ട് നടത്തുന്ന പദ്ധതിക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് ഹൈബി ഈഡൻ എം. പി പറഞ്ഞു. മണ്ഡലത്തിലെ നാലാമത്തെ ക്യാമ്പ് ആയിരുന്നു ഇത്.
ബി.പി.സി.എൽ മാനേജർ (പി.ആർ ആൻഡ് അഡ്മിൻ), ടോം ജോസഫ്, മരട് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ റിയാസ് കെ. മുഹമ്മദ്, റിനി തോമസ്, കൗൺസിലർ ജയ ജോസഫ്, സുനീല സിബി, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബി മുഹമ്മദ് കുട്ടി, എ.ഐ.ഡബ്യു.സി സംസ്ഥാന സെക്രട്ടറി റഷീദ് താനത്ത്, സുരേഷ്ബാബു, സി. വിനോദ്, സി.ഇ. വിജയൻ, ജിൻസൺ പീറ്റർ, പി.പി സന്തോഷ് തുടങ്ങിയവർ പങ്കെടുത്തു.